ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവരെ പിടികൂടുന്ന ശൈലി മാറ്റണം; സുപ്രധാന നിർദേശം മുന്നോട്ട് വെച്ച് ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവരെ പിടികൂടുന്ന ശൈലി മാറ്റണം; സുപ്രധാന നിർദേശം മുന്നോട്ട് വെച്ച് ഹൈക്കോടതി

കൊച്ചി: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവരെ റോഡിന് നടുവിലിറങ്ങി ബലം പ്രയോഗിച്ച്‌ തടയരുതെന്ന് അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ട്രാഫിക്ക് കുറ്റങ്ങള്‍ കണ്ടെത്താന്‍ പഴയരീതികള്‍ ഉപയോഗിക്കുന്നതിന് പകരം ഡിജിറ്റല്‍ കാമറ, ട്രാഫിക്ക് നിരീക്ഷണ കാമറ, മൊബൈല്‍ ഫോണ്‍ കാമറ, ഹാന്‍ഡ് ഹെല്‍ഡ് കാമറ എന്നിവ മോട്ടോര്‍വാഹനവകുപ്പും പൊലീസും ഉപയോഗിക്കണമെന്ന്‌ ജസ്റ്റീസ് വി രാജാ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച മുഫ്ലിഹ് എന്ന യുവാവിനെ കഴിഞ്ഞമാസം മലപ്പുറം രണ്ടത്താണിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ബൈക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ ശരീരത്തില്‍ തട്ടി. തുടര്‍ന്ന് എതിരെ വന്ന കാറിലും ഇടിച്ചു. അപകടത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സെപ്കടര്‍ക്കും മുഫ്ലിഹിനും കൂടെയുണ്ടായ ഫര്‍ഹാനും പരുക്കേറ്റു. ഉദ്യോഗസ്ഥന് പരുക്കേറ്റ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടി മുഫ്ലിഹ് നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. ഉദ്യോഗസ്ഥന്‍ റോഡില്‍ ചാടിവീണ് ബൈക്കിൻ്റെ ഹാന്‍ഡിലില്‍ പിടിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രതിക്കു വേണ്ടി ഹാജരായ അഡ്വ. എം അജയ് വാദിച്ചു. വാഹനപരിശോധന സംബന്ധിച്ച ഡി.ജി.പിയുടെ സര്‍ക്കുലറുകളും പ്രതിഭാഗം ഹാജരാക്കി.

ട്രാഫിക്ക് കുറ്റങ്ങള്‍ കണ്ടെത്താന്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ കുറ്റവാളികളെ വിചാരണ ചെയ്യാനും ശിക്ഷിക്കാനും വേണ്ട എല്ലാവിധ തെളിവുകളും ലഭിക്കുമെന്ന് കോടതി പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാതെ ഉപയോഗിച്ച വാഹനത്തിൻ്റെ രജിസ്ട്രേഷന്‍ നമ്ബര്‍ രേഖപ്പെടുത്തി വയര്‍ലെസ് സംവിധാനം വഴിയോ മറ്റോ മറ്റുള്ളവരെ അറിയിച്ച്‌ പിടികൂടുകയാണ് വേണ്ടത്. നിയമം അനുവദിക്കുകയാണെങ്കില്‍ വേഗത കുറക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാമെന്നും കോടതി പറഞ്ഞു.

0Shares