
തിരുവനന്തപുരം/ കാസർകോട്: പെരിയ കല്ല്യോട്ടെ ഇരട്ട കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം പരാതി നല്‍കി. കൊല്ലപ്പെട്ട കൃപേഷിൻ്റെയും, ശരത്‌ലാലിൻ്റെയും കുടുംബമാണ് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലന്നാണ് കുടുംബം പറയുന്നത്. നിലവിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിലും വിശ്വാസമില്ലെന്നാണ് കുടുംബം പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. കേസ് സി.ബി.ഐക്ക് കൈമാറിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇരുവരുടെയും കുടുംബങ്ങള്‍ പറയുന്നുണ്ട്.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യൂ.ഡി.എഫും സമരത്തിലുണ്ട്. അതുകൊണ്ട് പെരിയ ഇരട്ട കൊലപാതകേസ് സർക്കാരിന് തവേദനയായി മാറി. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ പാർട്ടി പ്രവർത്തകരും നേതാക്കളും പ്രതിസ്ഥാനത്തായ കേസിൽ മുഖം രക്ഷിക്കാൻ എന്തുചെയ്യണമെന്നറിയാതെ ഇടതു കേന്ദ്രങ്ങൾ തല പുകയ്ക്കുകയാണ്.

കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം ലോക്കല്‍ സെക്രട്ടറി പീതാംബരനാണ് ആദ്യം അറസ്റ്റിലായത്. ഇതിനു പിന്നാലെ അറസ്റ്റിലായവരെല്ലാം സി.പി.എം പ്രവർത്തകരാണ്. അതിനാൽ തന്നെ കേസ് അട്ടിമറിക്കാനുള്ള സാധ്യത ഏറെയെന്നാണ് പറയപ്പെടുന്നത്. കേസിൽ സി.പി.എം ഉന്നത നേതാക്കൾക്കും പങ്കുള്ളതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിനിടെ അന്വേഷണ സംഘത്തിൽ നിന്നും DYSP ടി.പി രഞ്ജിത്തിനെ മാറ്റിയതിലും സംശയം വർധിക്കുകയാണ്.
