കാസര്‍കോട്: ലോകപ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കാസര്‍കോട് ബേക്കല്‍ കോട്ട കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ ഡി.വൈ.എഫ്.ഐ പ്രതിഷേധത്തില്‍. ‘സേവ് ബേക്കല്‍ ഫോര്‍ട്ട്, സേവ് ഹെറിറ്റേജ് ‘ എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് അഞ്ചിന് വൈകുന്നേരം നാലു മണിക്ക് ബേക്കല്‍കോട്ടക്ക് മുമ്പില്‍ പ്രതിഷേധക്കോട്ട തീര്‍ക്കും. പ്രശസ്ത ചരിത്രകാരനും കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ്ചാന്‍സിലറുമായ ഡോ. കെ. കെ.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രമുഖ ചരിത്രകാരന്മാരും സാംസ്കാരിക നായകന്മാരും പങ്കെടുക്കും.
പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ചരിത്രസ്മാരകമടക്കം 95 ചരിത്രസ്മാരകങ്ങള്‍ വില്‍പ്പനക്ക് വെക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. വിനോദ സഞ്ചാരികളെയും ചരിത്ര പ്രേമികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബേക്കല്‍കോട്ട കേരളത്തിന്റെ ടൂറിസം പെരുമയുടെ മുഖമുദ്രയാണ്. ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകവുമാണിത്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ ബേക്കല്‍കോട്ടയെ സ്വകാര്യ വാണിജ്യ താല്പര്യങ്ങള്ക്കായി കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്ന നടപടി അത്യന്തം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.
ലോകപ്രശസ്തമായ ബേക്കല്‍ കോട്ട കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നു; ഡി.വൈ.എഫ്.ഐ ശനിയാഴ്ച പ്രതിഷേധ കോട്ടതീര്ക്കും