
പെരിയ(കാസർകോട്): ക്ഷീര വികസന വകുപ്പിൻ്റെയും പുല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി നടന്നു. ക്ഷീര സംഘം പരിസരത്ത് വച്ച് നടന്ന സമ്പർക്ക പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സീത, പുല്ലൂർ പെരിയ പഞ്ചായത്ത് മെമ്പർമാരായ എം.വി. നാരായണൻ, എം. പ്രീതി എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ക്ഷീര വികസന ഓഫീസർ പി.വി മനോജ് കുമാർ ക്ഷീര മേഖലയിലെ പുതിയ പദ്ധതികൾ എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് കൈകാര്യം ചെയ്തു. ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്കിൽ എസ്.സി/ എസ്.ടി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പാലളന്ന എടമുണ്ടയിലെ വി.കെ. പാട്ടിയെ അനുമോദിച്ചു. വിവിധ ധനസഹായങ്ങളും വിതരണം ചെയ്തു. സംഘം സെക്രട്ടറി പി. കുഞ്ഞിക്കേളു സ്വാഗതം പറഞ്ഞു.
