
പാല(കോട്ടയം): അരനൂറ്റാണ്ടിലേറെ കെ.എം മാണി എന്ന മാണി സാർ മാത്രം വിജയിച്ചിരുന്ന മണ്ഡലം. ചരിത്രത്തിലാദ്യമായി പാലാ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിൻ്റെ കോട്ടകള്‍ എന്നറിയപ്പെട്ടിരുന്ന പഞ്ചായത്തുകളില്‍ പോലും വലിയ ലീഡ് നേടിക്കൊണ്ടാണ് മാണി സി കാപ്പന്‍ വിജയം ഉറപ്പിച്ചത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിൽ യു.ഡി.എഫിന് 33472 വോട്ട് കൂടുതല്‍ നല്‍കിയ മണ്ഡലമാണ് പാല. എന്നാൽ കെ.എം മാണിയുടെ മരണത്തിന് ശേഷം പാലയിലുണ്ടായ രാഷ്ട്രീയ തർക്കം ഈ ഉപതെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിന് ഗുണം ചെയ്തു.

രണ്ടായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പന്‍ വിജയിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് (എം) നേതാവും കെ.എം മാണിയുടെ മകനുമായ ജോസ് കെ മാണിയുടെ മുഖത്തേറ്റ വലിയ തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞടുപ്പ്. മുതിർന്ന നേതാവ് ജോസഫിനെ പിണക്കി തെരഞ്ഞടുപ്പ് പ്രചാരണം വഷളാക്കിയതും ജോസ് കെ മാണിയുടെ അമിതാവേശമായിരുന്നു. കെ.എം മാണിക്ക് പിൻഗാമിയാകാൻ ജോസ് കെ മണിക്ക് കഴിയില്ല എന്നാണ് യു.ഡി.എഫ് നേതാക്കൾ തന്നെ ഇപ്പോൾ പറയുന്നത്.
