എൻ്റെ ‘മക്കള്‍’ക്കായി തുള്ളണമെങ്കില്‍ ഇനിയും ഞാന്‍ തുള്ളും; വിമര്‍ശനങ്ങളെ തള്ളി ഉഷ ടീച്ചര്‍

  • Post category:news
  • Reading time:1 min read
You are currently viewing എൻ്റെ ‘മക്കള്‍’ക്കായി തുള്ളണമെങ്കില്‍ ഇനിയും ഞാന്‍ തുള്ളും; വിമര്‍ശനങ്ങളെ തള്ളി ഉഷ ടീച്ചര്‍

കാസര്‍കോട്: ഉഷ ടീച്ചര്‍ ഇന്ന് ഹാപ്പിയാണ്. എന്റെ ‘മക്കള്‍’ക്കായി തുള്ളണമെങ്കില്‍ ഞാന്‍ തുള്ളും, പാടണമെങ്കില്‍ പാടും, നൃത്തം ചെയ്യണമെങ്കില്‍ ചെയ്യും, അഭിനയിക്കണമെങ്കില്‍ അതിലും ഒരു കൈനോക്കുമെന്ന് ഉഷ ടീച്ചര്‍ ഉറക്കെ വിളിച്ചു പറയുന്നു. ശിശുദിനത്തിലെ ഓട്ടന്‍ തുള്ളല്‍ പെര്‍ഫോമന്‍സ് കൊണ്ട് കുട്ടികളേയും മലയാളികളേയും ഒന്നടങ്കം കയ്യിലെടുത്ത ഉഷ ടീച്ചര്‍ തൃക്കരിപ്പൂര്‍ സെന്റ്പോള്‍ ജിയുപി സ്‌കൂളിലെ അധ്യാപികയാണ്. സൈബര്‍ ലോകത്ത് തരംഗമായി മാറിയ ഉഷ ടീച്ചര്‍ കോമഡി ഉല്‍സവത്തിലും തകര്‍ത്തു. കഴിഞ്ഞ 10 വര്‍ഷമായി കുട്ടികളെ ഇങ്ങനെയാണ് പഠിപ്പിക്കുന്നത്. വീഡിയോ വൈറലാക്കിയത് ആരെന്നറിയില്ല. കളിയാക്കലുകള്‍ ഒരുപാടുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. തുള്ളല്‍പ്പാട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ മകള്‍ ഓട്ടന്‍തുള്ളല്‍ അഭ്യസിച്ചിട്ടുണ്ട്. ഓട്ടന്‍തുള്ളലിന്റെ ശീലുകള്‍ക്കൊപ്പിച്ച് നെഹ്റുവിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ മിക്സ് ചെയ്തതും താന്‍ തന്നെയാണ്. ക്ലാസില്‍ അവതരിപ്പിക്കുന്നതുപോലെ ശിശുദിനത്തിലെ സ്പെഷ്യല്‍ അസംബ്ലിയിലും അത് അവതരിപ്പിച്ചു.

https://www.youtube.com/watch?v=efF7QE-dTi4

പക്ഷേ, ആ വീഡിയോ ആരെങ്കിലും എടുക്കുമെന്നോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നോ വൈറലാവുമെന്നോ വിചാരിച്ചില്ല. സ്റ്റാഫ് അംഗങ്ങളില്‍ ആരോ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായ ഉടന്‍ പല തരത്തിലുള്ള കമന്റുകളാണ് വന്നത്. കളിയാക്കലും നിരവധിയുണ്ടായി. പക്ഷേ, സ്‌കൂളിലെ മറ്റ് അധ്യാപകര്‍ തന്നെ അഭിനന്ദിക്കുകയാണുണ്ടായത്. 10 വര്‍ഷമായി പ്രീ പ്രൈമറി ടീച്ചറായി ജോലി ചെയ്തുവരുകയാണ് ഉഷ. ഇത്രനാളും കുട്ടികളുടെ മുന്നില്‍ പാടിയും ആടിയുമാണ് നടന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. പഠിപ്പിക്കുമ്പോള്‍ എന്റെ മക്കളാണ് മുന്നിലിരിക്കുന്നത്. അന്നേരമൊന്നും ഇതൊക്കെ നാണക്കേടല്ലേയെന്നു വിചാരിക്കാറില്ല. എന്റെ ശരീരം മറക്കും. സര്‍വതും മറന്ന് പഠിപ്പിക്കും. കുട്ടികളില്‍ അതെത്തണമെന്നു മാത്രം- ഉഷ ടീച്ചര്‍ പറയുന്നു.

0Shares