
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 12 വരെയുള്ള കണക്കുകള്‍ പ്രകാരം 39 ശതമാനം പേര്‍ വോട്ടു ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, പ്രധാനമന്ത്രിയുടെ മാതാവ് ഹീര ബെന്‍ തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

അഹമ്മദാബാദിലെ നിഷാന്‍ ഹൈസ്‌കൂളിലെ 115-ാം ബൂത്തിലെത്തിയാണ് പ്രധാനമന്ത്രി വോട്ടവകാശം വിനിയോഗിച്ചത്. മോദിയുടെ മാതാവ് ഹീര ബെന്‍ ഗാന്ധിനഗറിലെ പോളിംഗ് ബൂത്തില്‍ രാവിലെ തന്നെ എത്തി വോട്ട് ചെയ്തു. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അഹമ്മദാബാദിലാണ് വോട്ട് ചെയ്തത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ മകന്‍ ജയ് ഷായ്ക്ക് ഒപ്പമെത്തി വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം ഇരുവരും ക്ഷേത്രദര്‍ശനവും നടത്തി. വടക്കന്‍-മധ്യ ഗുജറാത്തിലെ 93 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 22 വര്‍ഷമായി ഗുജറാത്തില്‍ അധികാരം കൈയാളുന്ന ബിജെപിക്ക് രണ്ടാംഘട്ടത്തിലെ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
