കലാപത്തിന് ഇറങ്ങിയ ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു; രാജ്യദ്രോഹവും ഭീകരവാദവും അടക്കമുള്ള സാധ്യതകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം; പ്രോക്‌സി സെര്‍വറുകള്‍ തേടി കേന്ദ്രസര്‍ക്കാറും; ഇന്റലിജന്റ്‌സ് വീഴ്‌ച്ചയും അന്വേഷിക്കും

  • Post category:news
  • Reading time:2 mins read
You are currently viewing കലാപത്തിന് ഇറങ്ങിയ ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു; രാജ്യദ്രോഹവും ഭീകരവാദവും അടക്കമുള്ള സാധ്യതകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം; പ്രോക്‌സി സെര്‍വറുകള്‍ തേടി കേന്ദ്രസര്‍ക്കാറും; ഇന്റലിജന്റ്‌സ് വീഴ്‌ച്ചയും അന്വേഷിക്കും

കോഴിക്കോട്: വാട്‌സ് ആപ്പിലെ ഹര്‍ത്താല്‍ ആഹ്വാനം വിജയിപ്പിക്കാന്‍ വേണ്ടി തെരുവില്‍ ഇറങ്ങിയവര്‍ കുടുങ്ങും. ഊരും പേരുമില്ലാതെ നടന്ന ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന് അന്വേഷണ സംഘങ്ങള്‍ ഉറപ്പിച്ച സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ ആയിരത്തിലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏറ്റെടുക്കാന്‍ സംഘടനകൾ ഇല്ലാത്തതിനാല്‍ ഹര്‍ത്താലിൻ്റെ മറവില്‍ അക്രമം നടത്തിയവര്‍ ജാമ്യം പോലും ലഭിക്കാതെ അഴിക്കുള്ളില്‍ കിടക്കുകയാണ്. മുന്നൂറോളംപേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ഹര്‍ത്താലിനു വാട്‌സ്‌ആപ് വഴി പ്രചാരണം നടത്തിയവരും കുടുങ്ങും. ഇത്തരം വാട്‌സ്‌ആപ് ഗ്രൂപ്പുകളുടെയും അഡ്‌മിന്മാരുടെയും വിവരങ്ങള്‍ സൈബര്‍സെല്‍ ശേഖരിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ ഐടി ആക്‌ട് പ്രകാരം കേസെടുക്കും. വിവിധ വാട്‌സ്‌ആപ് ഗ്രൂപ്പുകളുടെ അഡ്‌മിനുകളോടു സ്റ്റേഷനില്‍ ഹാജരാകാന്‍ കോഴിക്കോട് പൊലീസ് നിര്‍ദ്ദേശം നല്‍കി. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും അതിൻ്റെ മറവില്‍ ആക്രമണം നടത്തുകയും ചെയ്ത 762 പേര്‍ക്കെതിരെ വയനാട്ടില്‍ കേസെടുത്തു. 41 പേരെ അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ ഹര്‍ത്താലിൻ്റെ പേരില്‍ അതിക്രമം നടത്തിയതിനെത്തുടര്‍ന്നു റിമാന്‍ഡ് ചെയ്യപ്പെട്ട 25 പേരുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചു. അക്രമത്തിനു നേതൃത്വം നല്‍കിയവരെ സ്ഥിരം കുറ്റവാളികളുടെ പട്ടികയില്‍ ഉൾപ്പെടുത്താനാണ് നീക്കം. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. മാധ്യമങ്ങളെ ഇതിനായി ദുരുപയോഗം ചെയ്തോയെന്ന കാര്യവും അന്വേഷിക്കും. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഹര്‍ത്താല്‍ അരങ്ങേറിയത്. ഹര്‍ത്താലിൻ്റെ മറവില്‍ മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ നടന്നു. മലപ്പുറത്ത് മാത്രം 130 പേരെയാണ് അക്രമസംഭവങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്തത്. 60ല്‍ അധികം കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതുകൂടാതെ കാസര്‍കോട്, കോഴിക്കോട് മേഖലകളിലും തിരുവനന്തപുരത്തും ഇതേപോലെയുള്ള സംഭവങ്ങള്‍ ഉണ്ടായി. ഇതേതുടര്‍ന്നാണ് തീവ്രസ്വഭാവമുള്ള സംഘടനയുടെ സാന്നിധ്യം പൊലീസ് അന്വേഷിക്കുന്നത്. അതേസമയം ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ ഉപയോഗിച്ചതു ‘പ്രോക്‌സി സെര്‍വര്‍’. ഇതുസംബന്ധിച്ചു കേന്ദ്ര സൈബര്‍ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. സന്ദേശങ്ങള്‍ അയയ്ക്കുന്ന കംപ്യൂട്ടര്‍, സ്മാര്‍ട് ഫോണ്‍ എന്നിവ തിരിച്ചറിയാതിരിക്കാനാണു പ്രോക്‌സി സെര്‍വറുകള്‍ ഉപയോഗിക്കുന്നത്. ഇന്ത്യയുമായി സൈബര്‍ വിവര കൈമാറ്റ കരാര്‍ നിലവിലില്ലാത്ത വിദേശരാജ്യത്തെ ഇന്റര്‍നെറ്റ് ഡേറ്റ വ്യാപന സംവിധാനങ്ങളാണു പ്രച്ഛന്ന വേഷ സെര്‍വറുകളായ പ്രോക്‌സി സെര്‍വറുകള്‍. ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ കൈമാറുന്ന വ്യക്തിയുടെ യഥാര്‍ഥ വിലാസമായ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ് (ഐപി) മറച്ചുവയ്ക്കാനാണു പ്രോക്‌സി സെര്‍വര്‍ ഉപയോഗപ്പെടുത്തുന്നത്. അത്കൊണ്ടാണ് അന്വേഷണം ആ തലത്തിലേക്ക് വ്യാപിപ്പിച്ചത്.രഹസ്യാന്വേഷണ വിഭാഗത്തിലേതുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ചേര്‍ത്താണ് അന്വേഷണസംഘം രൂപീകരിച്ചത്. വാട്സ് ആപ്പ് വഴി ഹര്‍ത്താല്‍ ആഹ്വാനം നടത്തിയതിന് പിന്നില്‍ മറ്റെന്തെങ്കിലും അജണ്ട ഉണ്ടായിരുന്നോയെന്നും അന്വേഷിക്കും. ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങള്‍ തടയാന്‍ പൊലീസ് പരാജയപ്പെട്ടുവെന്ന പരാതികള്‍ നിരവധി സ്ഥലങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപവത്കരിച്ചിരിക്കുന്നത്. ‘വാട്‌സാപ്പ് ഹര്‍ത്താലു’മായി ബന്ധപ്പെട്ട് എട്ടു ജില്ലകളില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ അക്രമികള്‍ ലക്ഷ്യമിട്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നകത്. ഇക്കാര്യം ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്‍ അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ കലാപമുണ്ടാക്കാന്‍ ശ്രമമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നു. സംഘട്ടനങ്ങളുണ്ടാക്കുകയും ചില വിഭാഗക്കാരുടെ വാഹനങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്നും ഡി.ജി.പി. വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാറിൻ്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണിത്. പൊലീസിൻ്റെ അവസരോചിത ഇടപെടല്‍ മൂലമാണ് അക്രമം വ്യാപിക്കാതിരുന്നതെന്നും രാജേഷ് ദിവാന്‍ പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കൂടുതല്‍ ജാഗ്രതപാലിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

0Shares