
പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: പാമ്പ് കടിയേറ്റ് എത്തുന്ന രോഗിയുടെ നിര്ണ്ണായകമായ സമയത്ത് ധൈര്യപൂർവം ചികിത്സ ചെയ്യാൻ തയ്യാറുള്ള ഡോക്ടർമാരുടെ അഭാവം ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. വിഷബാധയ്ക്ക് പ്രതിമരുന്ന് നൽകൽ ശ്രമകരമായ പണിയാണെന്നും കൊടുക്കുന്ന സമയത്ത് രോഗിക്ക് ശ്വാസതടസ്സമടക്കം ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
ജില്ലാ, താലൂക്കാശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും മരുന്നുണ്ട്. മെഡിക്കൽ കോളേജുകളൊഴികെ പ്രതിമരുന്ന് സൂക്ഷിക്കുകയല്ലാതെ അവശ്യ സമയത്ത് നൽകുന്നത് കുറവാണ്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ ഏറെക്കുറെ ചെയ്യുന്നുമുണ്ട്. ആവശ്യമുള്ള സജീകരണങ്ങൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ട ലിസ്റ്റിൽ പറയുന്ന ആശുപത്രികളിൽ ക്രമീകരിച്ചിട്ടില്ല.

പഠിച്ചിറങ്ങുന്ന ഡോക്ടർമാർക്ക് ഇതിനായി വിദഗ്ദചികിത്സാ വാർഡിൽ പരിശീലനം കിട്ടുന്നുമില്ല. ചൊറിച്ചിൽ, നീര്, വേദന, തലകറക്കം, മനംപുരട്ടൽ, ശ്വാസതടസ്സം, കടിയേറ്റ ഭാഗത്ത് നിറവ്യത്യാസം (നീല- ചിലപ്പോൾ മഞ്ഞളിപ്പ്) കണ്ണിലും നഖങ്ങളിലുമുള്ള നിറവ്യത്യാസം തുടങ്ങിയവ പാമ്പ് വിഷ ചികിത്സയ്ക്ക് മാനദണ്ഡമാക്കണമെന്ന് നിർദേശം ഉണ്ടെങ്കിലും പ്രാവർത്തികമാകുന്നില്ല.
വിഷം അകത്തു ചെന്നിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനാഫലം ലഭിക്കാനുള്ള കാലതാമസം ചികിത്സയ്ക്ക് താമസം നേരിടുന്നു. വിഷ ലക്ഷണം തിരിച്ചറിയാൻ ഡോക്ടർമാർക്ക് വളരെ പെട്ടെന്ന് അറിയേണ്ടതുണ്ട്.
നാട്ടുവൈദ്യത്തിലും മറ്റും ലക്ഷണ പ്രകാരമാണ് മരുന്ന് കൊടുത്തിരുന്നത്. പാരമ്പര്യ വൈദ്യം കുറ്റിയറ്റുപോയതോടെ വിരലിലെണ്ണാവുന്നവർ മാത്രമേ ഈ രംഗത്ത് ഇന്ന് ജീവിച്ചിരിപ്പുള്ളൂ. ഓരോ വർഷവും പഠനം കഴിഞ്ഞു കഴിഞ്ഞ് പുറത്തിറങ്ങുന്ന ഡോക്ടർമാർക്ക് പരിശീലനവും വൈദഗ്ദ്ധ്യവും നേടുന്നതിന് പുതിയ പദ്ധതികൾ വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

വിഷമറിയാൻ പുതിയ സ്ട്രിപ്പ് വരുന്നതായി വിവരമുണ്ട്. ഇതോടെ വിഷചികിത്സ എളുപ്പമാകും. കേരളത്തിൽ കാണപ്പെടുന്ന പാമ്പുകളിൽ 95 ശതമാനവും വിഷപാമ്പുകളല്ല. സാധാരണ കാണപ്പെടുന്ന നാലിനം പാമ്പിനുമാത്രമേ (കടൽ പാമ്പ് ഒഴിച്ച്) കൂടിയ തോതിൽ വിഷമുള്ളൂ. പ്രതിവർഷം ഇന്ത്യയിൽ 49, 000 പേർ പാമ്പ് വിഷബാധയിൽ മരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പാമ്പുകടിച്ചാൽ എത്രയും വേഗം ചികിത്സാ സൗകര്യമുള്ളിടത്ത് എത്തിക്കുകയാണ് വേണ്ടത്. ഓരോ വർഷവും പഠിച്ചിറങ്ങുന്ന ഡോക്ടർമാർക്ക് ആവശ്യമായ പരിശീലനവും വൈദഗ്ദ്ധ്യവും നൽകുന്നതിന് പുനരാലോചന ആവശ്യമാണ്.
