ചെർക്കള ദേശീയ പാത നിർമ്മാണത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല; കരാർ കമ്പനിക്കെതിരെ പടയൊരുക്കം; പ്രതിഷേധത്തിനൊരുങ്ങി യൂത്ത് ലീഗ്; പോലീസിൽ പരാതി നൽകി; കൂടുതൽ അറിയാം..

You are currently viewing ചെർക്കള ദേശീയ പാത നിർമ്മാണത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല; കരാർ കമ്പനിക്കെതിരെ പടയൊരുക്കം; പ്രതിഷേധത്തിനൊരുങ്ങി യൂത്ത് ലീഗ്; പോലീസിൽ പരാതി നൽകി; കൂടുതൽ അറിയാം..

ചെർക്കള(കാസറഗോഡ്): ദേശീയപാത നിർമ്മാണത്തിലെ രണ്ടാം റീച്ചിൽ പണി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധം ശക്തം. ചെർക്കളയിൽ പ്രവൃത്തി ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും കരാർ കമ്പനി വാക്ക് പാലിക്കുന്നില്ല. പണി വേഗത്തിലാക്കാനും പ്രശ്ന പരിഹാരത്തിനും നിരവധി തവണ കമ്പനി അധികൃതർക്ക് നിവേദനം നൽകിയെങ്കിലും പരിഹാരമായിട്ടില്ല എന്ന് നാട്ടുകാർ ആരോപിച്ചു. ആക്ഷൻ കമ്മറ്റി നേതാക്കൾക്ക് അടക്കം കമ്പനി അധികൃതർ നൽകിയ ഉറപ്പും പാലിച്ചില്ല. ചെർക്കളയിലെ പണി ഇപ്പോൾ ഒച്ചിൻ്റെ വേഗതയിലാണ് നീങ്ങുന്നത്. കർണ്ണാടക സംസ്ഥാനത്തെ ബന്ധിപ്പിക്കുന്ന മുള്ളേരിയ- ബദിയടുക്ക ഭാഗത്തുനിന്നുമുള്ള റോഡിലേക്കായി പണിയുന്ന മേൽപ്പാലം നിർമ്മാണവും ഇഴഞ്ഞു നീങ്ങുന്നു. നിലവിൽ സർവീസ് റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. മാത്രവുമല്ല സർവീസ് റോഡ് തകർന്ന നിലയിലാണ്. നിരവധി നാടുകളെ ബന്ധിപ്പിക്കുന്ന പ്രധാന ജംക്ഷൻ കൂടിയായ ചെർക്കളയിലെ പ്രവൃത്തിക്ക് അധികൃതർ അടിയന്തിര പ്രാധാന്യം നൽകണമെന്നും പ്രദേശത്ത് ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്നും നാട്ടുകാർ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സമരത്തിനൊരുങ്ങി. സ്കൂൾ, ആശുപത്രി, പഞ്ചായത്ത് ഓഫീസ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ചെർക്കളയിൽ ശാശ്വത പ്രശ്ന പരിഹാരം കാണാത്ത കമ്പനി അധികൃതർക്കെതിരെ പോലീസിൽ പരാതി നൽകി. ചെർക്കള ടൗൺ വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വിദ്യാനഗർ CI യു.പി വിപിനാണ് പരാതി നൽകിയത്. ദേശീയ പാതയുടെ നിർമ്മാണത്തിൽ കരാർ കമ്പനി കാണിക്കുന്ന മെല്ലെപോക്ക് സമീപനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് പോലീസിനെ സമീപിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

ചെർക്കളയിൽ കൃത്യമായ ട്രാഫിക് സിഗ്നലുകൾ ഇല്ലാത്തതിനാൽ മണിക്കൂറുകളോളം കണ്ടെയ്നർ വാഹനങ്ങൾ ഉൾപ്പെടെ കുടുങ്ങി കിടക്കുന്നു. അത്യാഹിതവുമായി പോകുന്ന ആംബുലൻസുകൾ പോലും പലപ്പോഴും ഈ കുരുക്കിൽ അകപ്പെടുന്നു. സ്കൂൾ വിദ്യാർത്ഥികൾ ജീവൻ ഭയത്തിലാണ് നാളുകൾ തള്ളിനീക്കുന്നത്. കച്ചവടക്കാർക്കും കാൽ നട യാത്രക്കാർക്കും ഉണ്ടാകുന്ന പ്രശ്നങ്ങളും അപകടങ്ങളും വേറെയാണ്. മേഘ കൺസ്ട്രക്ഷൻ കമ്പനിക്ക് ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ നിവേദനം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂത്ത് ലീഗും നിവേദനം നൽകി. പ്രശ്നപരിഹാരം ഉടൻ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ഹാരിസ് തായൽ ചെർക്കള, വാർഡ് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ നിസാമുദ്ധീൻ ചെർക്കള, ട്രഷറര്‍ നൗഫൽ ടോപ് , വൈസ് പ്രസിഡന്റ്‌ അശ്റഫ്‌ ചെർക്കള, ജോയിന്റ് സെക്രട്ടറി ആഷിക്ക് കോളിക്കട്ട എന്നിവർ നേതൃത്വം നൽകി.

0Shares