
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ നിന്ന് പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിയുന്നത് ഞെട്ടിക്കുന്ന വൻ ഇടപാടുകളാണ്. നിരോധിത നോട്ടുകളുടെ ഇടപാടും സാമ്പത്തിക തട്ടിപ്പും പുറത്തുവരുന്നുണ്ട്. സംഭവത്തില്‍ ആദ്യം കർണ്ണാടകയിൽ നിന്നും പിടിയിലായ നാല് ആന്ധ്രപ്രദേശ് സ്വദേശികളെ കാസര്‍കോട് എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കാസർകോടുള്ള സംഘത്തെ കുറിച്ചതും വിവരം ലഭിക്കുന്നത്. സംഭവത്തില്‍ കാസര്‍കോട് പോലീസ് കഴിഞ്ഞ ദിവസം രണ്ട് കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. ആന്ധ്രപ്രദേശ് ചെന്നറെഡ്ഡിപ്പള്ളിയിലെ സിദ്ധാനാ ഓംകാര്‍ (25), ഗംഗനപ്പള്ളിയിലെ മാരുതി പ്രസാദ് റെഡ്ഡി(33), കഡപ്പ സ്വദേശികളായ എ. ശ്രീനാഥ് (26), പൃഥ്വിരാജ് റെഡ്ഡി (31) എന്നിവരും കാസറഗോഡ് സ്വദേശികളായ ഹനീഫ(36), പാലക്കുന്ന് കോട്ടപ്പാറയിലെ എം.ഷെരീഫ്(44), ചെര്‍ക്കള ബേവിഞ്ചയിലെ ബി. നൂറുദ്ദീന്‍(42), ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ കെ. വിജയന്‍(55) എന്നിവരുമാണ് പിടിയിലായത്.


നിരോധിച്ച 2000 രൂപ നോട്ടിടപാട് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, നിരോധിത നോട്ടിടപാട് തുടങ്ങിയ സംഭവങ്ങളിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കാസര്‍കോട് സ്വദേശികളുടെ കൈയിലെ നിരോധിച്ച 2000 രൂപയുടെ നോട്ടുകള്‍ വാങ്ങാന്‍ ആന്ധ്രയില്‍ നിന്നുള്ള സംഘമെത്തിയത് മുതലുള്ള പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആന്ധ്ര സ്വദേശികാളിൽ ഒരുവനെ മലയാളി സംഘം പിടിച്ചുവെച്ച് ഭീഷണിപ്പെടുത്തി 7.5 ലക്ഷം രൂപ കൈക്കലാക്കിയിരുന്നു. ഇതിന് തിരിച്ചടിയാണ് ആന്ധ്രാ സംഘം കാസർകോട് എത്തി മലയാളി സംഘത്തിൽ ഒരുവനെ തട്ടികൊണ്ടുപോയത്. ആന്ധ്രാ രജിസ്‌ട്രേഷനുള്ള കാറിൽ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് തെളിവ് സഹീതം പോലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് കാസറഗോഡ് എസ്.പി യുടെ നേതൃത്വത്തിൽ കർണ്ണാടക പോലീസുമായും ആന്ധ്രാ പോലീസുമായും ചേർന്ന് നടത്തിയ അതിവേഗ അന്വേഷണമാണ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാനായത്. പിടിയിലായ ആന്ധ്രാ സ്വദേശികളുടെ മൊഴിയില്‍ നിന്നും ഇവരുടെ ബോസിനെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചു. ആന്ധ്രയിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ് ഇദ്ദേഹമെന്നാണ് സൂചന. ആന്ധ്രാ പോലീസുമായി സഹകരിച്ച് അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. കാസറഗോഡ് ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡി IPS, എ.എസ്.പി ഡോ. എം. നന്ദഗോപന്‍ IPS, സി.ഐ പി.നളിനാക്ഷന്‍, എസ്.ഐ എം.നിഖില്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
