Categories
health Kerala local news trending

ലോക ക്ലബ് ഫുട്ട് ദിനം ആചരിച്ചു; കാസർഗോഡ് ജനറൽ ആശുപത്രിയിൽ ക്ലബ് “ഫൂട്ട് ക്ലിനിക്” ആരംഭിച്ചു

കാസറഗോഡ്: ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ക്യൂർ ഇന്ത്യ എന്നിവ സംയുക്തമായി ലോക ക്ലബ് ഫൂട്ട് ദിനം ആചരിച്ചു. കാസറഗോഡ് ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ തല പരിപാടി കാസർകോട് MLA എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം ചെയ്തു. കാസർഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷനായി. ജന്മനാ കുട്ടികളുടെ കാൽപാദം ഉള്ളിലേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട്. ആറു മുതൽ 8 ആഴ്ച വരെ കുഞ്ഞുങ്ങളുടെ കാലിൽ പാസ്റ്റർ ഇടുകയും തുടർന്ന് കുട്ടികൾക്ക് സ്പെഷ്യൽ ഷൂസ് ധരിപ്പിക്കുകയും ചെയ്യുക എന്നതാണ് ചികിത്സാരീതി. ഇത്തരത്തിൽ ഈ അവസ്ഥ നേരത്തെ കണ്ടെത്തിയാൽ കുഞ്ഞുങ്ങളെ ആജീവനാന്ത വൈകല്യത്തിൽ നിന്നും മോചിപ്പിക്കാനാകും. കൃത്യമായി ചികിത്സ തുടരുക എന്നത് വളരെ പ്രധാനമാണ്. 2017 മുതൽ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ ക്ലബ് ഫൂട്ട് ക്ലിനിക് പ്രവർത്തിച്ചുവരുന്നുണ്ട്. കാസറഗോഡ് ജനറൽ ആശുപത്രിയിൽ ഇന്ന് മുതൽ ക്ലബ് ഫൂട്ട് ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ജില്ല, ജനറൽ ആശുപത്രികളിൽ ആർ.ബി.എസ്.കെ പദ്ധതിയുടെ ഭാഗമായിട്ടുള്ള ന്യൂ ബോൺ സ്ക്രീനിംഗിലൂടെ കണ്ടെത്തുന്ന കുട്ടികളെ സെന്ററുകളിലേക്കു റെഫർ ചെയ്യുകയും ആവശ്യമായ ചികിത്സ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും.

പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഓർത്തോപീഡിഷൻ ഡോ. മനോജ് ജെ.എച്ച്ൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും, കുടുംബ സംഗമവും നടന്നു. കാസറഗോഡ് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാട്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ഷാൻ്റി കെ.കെ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അരുൺ പി.വി, ജനറൽ ആശുപത്രി ജൂനിയർ കൺസൾട്ടന്റ് ഡോ .അഹമ്മദ് സഹീർ, എച്ച്.ഡബ്ലിയു.സി നോഡൽ ഓഫീസർ ഡോ. ധന്യ ദയാനന്ദൻ, ജില്ലാ എജുക്കേഷൻ & മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡി.ഈ.ഐ.സി മാനേജർ ഷിബു ടി നായർ, ക്യൂർ ഇന്ത്യ ക്ലബ് ഫൂട്ട് കോർഡിനേറ്റർ ഷീജ വിൽസൺ, എന്നിവർ സംസാരിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ സ്വാഗതവും പബ്ലിക് ഹെൽത് നേഴ്സ് ജലജ പി.ടി നന്ദിയും പറഞ്ഞു. ക്ലബ്‌ ഫൂട്ട് ചികിത്സയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 8800020418, 9946900792 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest