പെണ്‍കുട്ടികള്‍ക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നതിൽ ആശങ്ക; വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ; കാസര്‍കോട് നടത്തിയ സിറ്റിങ്ങിൽ നിരവധി പരാതികൾ; കൂടുതൽ അറിയാം..

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing പെണ്‍കുട്ടികള്‍ക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നതിൽ ആശങ്ക; വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ; കാസര്‍കോട് നടത്തിയ സിറ്റിങ്ങിൽ നിരവധി പരാതികൾ; കൂടുതൽ അറിയാം..

കാസർകോട്: സമൂഹത്തില്‍ അടുത്ത കാലത്തായി പെണ്‍കുട്ടികള്‍ക്കിടയില്‍ കണ്ടുവരുന്ന ആത്മഹത്യകൾ ആശങ്ക ഉളവാക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ കേരളവനിതാ കമ്മീഷൻ നടത്തിയ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. കുടുംബാന്തരീക്ഷത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുടുംബത്തിനകത്ത് നിന്നും സമൂഹത്തില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് നല്ല പിന്തുണ ലഭിക്കേണ്ടതുണ്ട്. ചെറിയ പ്രശ്‌നങ്ങളില്‍ പോലും കുടുംബത്തിനകത്ത് തെറ്റായ രീതിയില്‍ ഇടപെടുന്ന രീതിയും അവസാനിപ്പിക്കണം. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേരള സംസ്ഥാന വനിതാ കമ്മീഷന്‍ സിറ്റിങ്ങില്‍ ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കം, കുടുംബത്തിലെ സ്വര്‍ണ്ണം, ഭൂമി ഇടപാടുകള്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ എന്നിവ കമ്മീഷന് മുന്നിലെത്തി. സ്ത്രീകള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തുന്ന പ്രവണത വര്‍ധിച്ച് വരുന്നതായി കാണുന്നുണ്ടെന്നും സമൂഹത്തില്‍ വിദ്യാഭ്യാസ നിലവാരം വര്‍ധിച്ച് വരുമ്പോഴും തെറ്റായ പ്രവണതകള്‍ വളര്‍ന്നു വരുന്നു. ഇത് സ്ത്രീ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.
സിറ്റിങ്ങില്‍ ആകെ 52 പരാതികള്‍ പരിഗണിച്ചു. ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതി ജാഗ്രതാ സമിതിക്ക് വിട്ടു. 42 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. സിറ്റിങ്ങില്‍ വുമണ്‍ സെല്‍ എസ്.ഐ എം.വി ശരണ്യ, വുമണ്‍ സെല്‍ ASI എ.എം ശാരദ, ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍, ജില്ലാ ജാഗ്രതാ സമിതി കൗണ്‍സിലര്‍ പി. സുകുമാരി, ഐ.സി.ഡി.എസ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അമല മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares