വിവാഹ വാർഷികം മറന്ന കാരണത്താൽ യുവാവിനെ സംഘംചേർന്ന് മർദിച്ച് ഭാര്യയും വീട്ടുകാരും; കേസെടുത്ത് പോലീസ്

You are currently viewing വിവാഹ വാർഷികം മറന്ന കാരണത്താൽ യുവാവിനെ സംഘംചേർന്ന് മർദിച്ച് ഭാര്യയും വീട്ടുകാരും; കേസെടുത്ത് പോലീസ്

മുംബൈയിൽ ഒരു യുവാവ് തൻ്റെ വിവാഹ വാർഷികം മറന്നു പോയതിൻ്റെ പേരിൽ ആക്രമണം നേരിട്ടിരിക്കുകയാണ്. ആക്രമിച്ചതാകട്ടെ അദ്ദേഹത്തിൻ്റെ ഭാര്യയും ഭാര്യവീട്ടുകാരും ചേർന്ന്. ഫെബ്രുവരി 18 -നായിരുന്നു പ്രസ്തുത ദമ്പതികളുടെ വിവാഹ വാർഷികം. എന്നാൽ, ഭർത്താവ് അത് മറന്നു പോയി. ഇതേ തുടർന്ന് 27 -കാരിയായ ഭാര്യയും സഹോദരനും മാതാപിതാക്കളും ചേർന്നാണ് യുവാവിനെ ആക്രമിച്ചത്.

ഘട്കോപ്പറിലായിരുന്നു സംഭവം. സംഭവം നടന്നത് ഇങ്ങനെയാണ്: ഭർത്താവ് ഭാര്യയെ വിവാഹവാർഷികം ആശംസിക്കാൻ മറന്നു. ജോലിക്ക് പോയി വീട്ടിലെത്തിയ ഭാര്യ ഈ ദേഷ്യത്തിൽ തൻ്റെ സഹോദരനേയും മാതാപിതാക്കളേയും ഭർത്താവിൻ്റെ വീട്ടിലേക്ക് വരണം എന്ന് വിളിച്ചു പറഞ്ഞു. ഒപ്പം ഭർത്താവിനോട് അയാളുടെ കൂടെ ജീവിക്കാൻ തനിക്കിനി താല്പര്യമില്ല എന്നും പറഞ്ഞു.

യുവതി വിളിച്ച് പറഞ്ഞ ഉടനെ തന്നെ സഹോദരനും മാതാപിതാക്കളും എത്തുകയും ചെയ്തു. പിന്നാലെ, ഭാര്യയും സഹോദരനും മാതാപിതാക്കളും യുവാവിനേയും യുവാവിൻ്റെ അമ്മയേയും മർദ്ദിച്ചു. ഇതുകൊണ്ടും ഭാര്യവീട്ടുകാർ നിർത്തിയില്ല, മുറ്റത്ത് നിർത്തിയിട്ടിരുന്ന യുവാവിൻ്റെ വാഹനവും വീടിൻ്റെ ജനാലയും നശിപ്പിച്ചു.

32 വയസുള്ള വിശാൽ നാം​ഗ്രേ എന്ന യുവാവിനെയാണ് ഭാര്യവീട്ടുകാർ മർദ്ദിച്ചത്. ഒരു കൊറിയർ കമ്പനിയിലെ ഡ്രൈവറായി ജോലി നോക്കുകയാണ് വിശാൽ. ഭാര്യ കൽപന ഒരു ഫുഡ് ഔട്ട്‍ലെറ്റിലാണ് ജോലി ചെയ്യുന്നത്. 2018 -ലാണ് ഇരുവരും വിവാഹിതരായത്. ഗോവണ്ടിയിലെ ബൈഗൻവാഡിയിലാണ് ഇരുവരുടെയും താമസം. നാം​ഗ്രേ പറയുന്നത് അനുസരിച്ച് 18 -നാണ് ഈ സംഭവമെല്ലാം ഉണ്ടായത്.

ആദ്യം പ്രശ്നങ്ങളെല്ലാം പറഞ്ഞ് പരിഹരിക്കാം എന്നും പറഞ്ഞ് ചർച്ച നടന്നു എങ്കിലും അതിനിടയിൽ വീണ്ടും കൽപന വിശാലിൻ്റെ അമ്മയെ തല്ലിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം ഇവർ ആശുപത്രിയിൽ പ്രവേശിച്ചു. ഏതായാലും യുവാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുകയാണ്.

0Shares