
ഇരിയണ്ണി / കാസർകോട്: വനംവകുപ്പിൻ്റെ നേതൃത്വത്തിൽ വന മഹോത്സവ വാരം ജൂലൈ ഒന്നുമുതൽ ഏഴുവരെ സംഘടിപ്പിക്കും. ഫലവൃക്ഷ തൈകൾ നട്ടും പുഴയോരത്ത് മുള തൈകൾ നട്ടും പക്ഷി നിരീക്ഷണം പ്രകൃതി പഠന ക്യാമ്പുകൾ നക്ഷത്രവനം ഒരുക്കിയും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിദ്യാവനം, കുട്ടിവനം, നഗരവനം, ഇൻസ്റ്റിറ്റ്യൂഷണൽ പ്ലാന്റിംഗ് തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

വന മഹോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഇരിയണ്ണി ജി.വി.എച്ച്.എസ്.സ്‌കൂളിൽ അഡ്വ: സി.എച്ച് കുഞ്ഞമ്പു എം.എൽ.എ നക്ഷത്ര വനം ഒരുക്കി നിർവ്വഹിച്ചു. 1950 മുതലാണ് വന മഹോത്സവം രാജ്യവ്യാപകമായി ആചരിച്ചു വരുന്നത്. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പി.ധനേഷ് കുമാർ അധ്യക്ഷത വഹിച്ചു.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു, മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി പി.വി മെമ്പർമാരായ ബി.കെ.നാരായണൻ, സി.നാരായണിക്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ‘പാലപ്പൂവൻ ആമ സംരക്ഷണവും വെല്ലുവിളികളും’ എന്ന വിഷയത്തിൽ നന്ദൻ വിജയകുമാർ ക്ലാസ് എടുത്തു. രാജൻ മുനിയൂരിൻ്റെ ‘പ്രകൃതിയെ അറിയുക’ പുസ്തക പ്രകാശനവും ഉണ്ടായിരുന്നു.
