
നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇ.ശ്രീധരൻ മത്സരിക്കും. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്. ശ്രീധരന്‍റെ നേതൃത്വത്തിൽ അഴിമതിരഹിത സർക്കാരുണ്ടാക്കുമെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു. കേരളത്തിന്‍റെ വികസനമുരടിപ്പിന് അറുതിവരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക സംസ്ഥാനിന് വേണമെന്നുള്ളത് കൊണ്ടുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കൊണ്ടുവരുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്‍റെ നേട്ടമാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിന്‍റെ മുഖച്ഛായ മാറ്റാൻ സാധിക്കും.

‘ഒരവസരം മെട്രോമാന് ലഭിച്ചാൽ നരേന്ദ്ര മോദിയുടെ വികസനപ്രവർത്തനങ്ങൾ പതിന്മടങ്ങ് നടപ്പാക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് പൂർണ്ണമായി വിശ്വസിക്കുന്നുണ്ട്. ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കിൽ കൂട്ടപാലായനമായിരിക്കും ഫലം. തൊടുപുഴയിൽ അദ്ധ്യാപകന്‍റെ കൈവെട്ടിയപ്പോൾ പ്രതികരിക്കാതിരുന്ന ഇടതു-വലത് മുന്നണികൾ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ല. ശബരിമല വിഷയത്തിൽ ഹിന്ദുക്കളെ പറ്റിച്ച പോലെ ക്രൈസ്തവരെയും വഞ്ചിക്കുകയാണ് കോൺഗ്രസും സി.പി.എമ്മും’ സുരേന്ദ്രൻ പറഞ്ഞു
ഫെബ്രുവരി 26 നാണ് ശ്രീധരൻ ബി.ജെ.പിയിൽ അംഗത്വമെടുത്തത്. സുരേന്ദ്രന്‍റെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു ശ്രീധരൻ അംഗത്വമെടുത്തത്. മുഖ്യമന്ത്രിയാകാൻ തനിക്ക് താത്പര്യമുണ്ടെന്ന് ഇ ശ്രീധരൻ പറഞ്ഞിരുന്നു.
