
ബെംഗളൂരു: മഴക്കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികള്‍ക്ക് പോലീസിന്റെ മുട്ടൻ പണി. പോലീസ് പറഞ്ഞത് അനുസരിക്കാതെ വന്നതോടെ വെള്ളച്ചാട്ടത്തിൽ തുടർന്ന വിനോദ സഞ്ചാരികള്‍ അഴിച്ചിട്ട വസ്ത്രങ്ങളെടുത്ത് വാഹനത്തിൽ വെക്കുകയായിരുന്നു പോലീസ്. കര്‍ണാടകയിലെ ചിക്ക്മഗളൂരുവിനടുത്തുള്ള മുദിഗെരെയിലാണു സംഭവം.
ശക്തമായ മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടം ഉള്‍പ്പെടെ നീരൊഴുക്കുള്ള സ്ഥലങ്ങളില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വിലക്ക് ലംഘിച്ച് ഒരു സംഘം സഞ്ചാരികള്‍ മുദിഗെരെയിലെ ചാര്‍മാഡി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയത്. ഈ സമയത്ത് സുരക്ഷയുടെ ഭാഗമായി നിർദേശം നൽകാൻ വന്ന പോലീസ് ആണ് കൗതുകമുണര്‍ത്തുന്ന ‘ശിക്ഷാനടപടി’ സ്വീകരിച്ചത്.
ഉദ്യോഗസ്ഥര്‍ വസ്ത്രങ്ങളെടുത്ത് പോലീസ് ജീപ്പില്‍ കൊണ്ടുപോയി വയ്ക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാതിവസ്ത്രത്തിലും അര്‍ധനഗ്നരായും പോലീസിന് പിന്നാലെ എത്തി വസ്ത്രം തിരിച്ചുനല്‍കാന്‍ അപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍, പോലീസ് ഇവരെ ശാസിച്ചു വിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
