വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടി.വി.കെ അധ്യക്ഷൻ; വിജയ് എം.കെ സ്റ്റാലിനെ വെല്ലുവിളിച്ചു; സംഭവത്തിൽ സംശയം പ്രകടിപ്പിച്ചു; രാഷ്ട്രീയത്തിൽ ശക്തമായി തുടരും; കൂടുതൽ അറിയാം..

You are currently viewing വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടി.വി.കെ അധ്യക്ഷൻ; വിജയ് എം.കെ സ്റ്റാലിനെ വെല്ലുവിളിച്ചു; സംഭവത്തിൽ സംശയം പ്രകടിപ്പിച്ചു; രാഷ്ട്രീയത്തിൽ ശക്തമായി തുടരും; കൂടുതൽ അറിയാം..

ചെന്നൈ: കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി വിജയ് പറഞ്ഞു. സംഭവത്തിൽ ടി.വി.കെ പ്രവർത്തകരെയും നേതാക്കളെയും വേട്ടയാടുന്നത് നിർത്തണമെന്നും പകരം എന്നെ ഉന്നം വെക്കണമെന്നും വിജയ് പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ വിജയ് വെല്ലുവിളിച്ചു. സി.എം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് തുറന്നടിച്ചു. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഞാൻ പ്രധാന്യം നൽകിയത്. അപകട സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനായി തുടരാനായിരുന്നു ഞാൻ ശ്രമിച്ചത്. പക്ഷെ ഞാൻ തുടർന്നാൽ അപകട സ്ഥലത്ത് ജനം പിരിഞ്ഞുപോകാതെ വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് എൻ്റെ കൂടെയുള്ളവർ പറഞ്ഞു. അതിനാൽ തന്നെ അവർ എന്നെ അവിടെനിന്നും മാറ്റുകയാണുണ്ടായത്. എനിക്ക് കരൂരിൽ പോകണമെന്നും ദുരന്ത സ്ഥലത്ത് ആളുകളോട് നേരിട്ട് കണമെന്നുമുണ്ട്. അവർക്ക് എന്നെ മനസ്സിലാകും അതിനായി ഞാൻ ശ്രമിക്കും. ഞാൻ ഒളിച്ചോടില്ല. രാഷ്ട്രീയത്തിൽ തുടരുമെന്നും വിജയ് പറയുന്നു.

കരൂരിൽ മാത്രം ദുരന്തമുണ്ടായി. അതിന് മുമ്പും ടി.വി.കെ പരിപാടി സംഘടിപ്പിച്ചു. ഇതിനെക്കാളും അധികം ആളുകൾ പങ്കടുത്തു. ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. സുരക്ഷയാണ് പ്രധാനം. സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താൻ കരൂരിൽ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടിയാണ് പോലീസിനെ സമീപിച്ചത്. പോലീസാണ് പരിപാടിക്ക് അനുമതി നൽകിയത്. പോലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചത്. അപകടം നടക്കാൻ പാടില്ലാത്തതാണ്. ഇതിന് പിന്നിൽ ചില സംശയങ്ങളുണ്ട് എന്നും വിജയ് പറഞ്ഞു. നടക്കാൻ പാടില്ലാത്തത് കരൂരിൽ സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സത്യം പുറത്തുവരുമെന്ന് പറഞ്ഞ വിജയ്, സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ചു. അപകടം ഉണ്ടായശേഷം കരൂരിൽ തുടരാത്തതിൽ വിശദീകരണം നൽകിയ വിജയ് ഉടൻ തന്നെ കരൂരിലെത്തി എല്ലാവരെയും കാണുമെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും വ്യക്തമാക്കി.

0Shares