
ചെന്നൈ: വലിയ വിജയത്തിന് ശേഷം ആദ്യ പ്രതികരണവുമായി വിജയ്. ആശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറഞ്ഞ ടി.വി.കെ അധ്യക്ഷൻ ഭാവി വികസന കാര്യങ്ങളിൽ കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ വമ്പൻ വിജയത്തിന് ശേഷമുള്ള വിജയ്‍യുടെ ആദ്യ പ്രതികരണമാണിത്. രാഷ്ട്രീയത്തിനപ്പുറം തമിഴ്നാടിൻ്റെ ക്ഷേമത്തിനു മുൻഗണന നൽകാമെന്നും തമിഴ്നാടിൻ്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ പ്രതിബദ്ധത പുലർത്താമെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വിജയ് പറഞ്ഞു.
അതേസമയം, ടി.വി.കെ ജനറൽ സെക്രട്ടറി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി സംസാരിച്ചു എന്നാണ് സൂചന. തമിഴ് നാട്ടിലെകൂടി ചുമതലയുള്ള കേരളം ഗവർണറാണ് രാജേന്ദ്ര ആർലേക്കർ. ഗവർണർ അടുത്ത ദിവസം തന്നെ ചെന്നൈയിൽ എത്തുമെന്നാണ് വിവരം. അതേസമയം സർക്കാർ രൂപീകരിക്കാൻ TVK രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടു എന്നാണ് വിവരം. ഗവർണർക്ക് മെയിൽ വഴിയാണ് സാവകാശം തേടിയത്. സർക്കാർ രൂപീകരിക്കാൻ ചെറു പാർട്ടികളുടെ പിന്തുണ TVK ക്ക് ആവശ്യമാണ്. നിലവിൽ ഒറ്റ കക്ഷിയായ TVK പാർട്ടിക്ക് 108 സീറ്റുകളാണ് ലഭിച്ചത്. അതിൽ രണ്ടിടത്ത് മത്സരിച്ച വിജയ് രണ്ടിടത്തും വിജയിച്ചു. അതിനാൽ 107 സീറ്റുകളാണ് കണക്കാക്കുക. അങ്ങനെയങ്കിൽ 11 പേരുടെ പിന്തുണ കൂടി കേവല ഭൂരിപക്ഷത്തിന് ആവശ്യമാണ്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷം ആവശ്യമായുള്ളത്. 5 സീറ്റുള്ള കോൺഗ്രസ് വിജയിക്ക് പിന്തുണ നൽകിയേക്കും. അങ്ങനെയങ്കിൽ 2 സീറ്റുള്ള മുസ്ലിം ലീഗും രണ്ട് വീതം സീറ്റുള്ള സിപിഎം, സിപിഐ എന്നീ പാർട്ടികളും വിജയിക്ക് പിന്തുണ നൽകാനാണ് സാധ്യത. പിന്തുണ നൽകുന്ന പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകാനും TVK തയ്യാരാറാകും എന്നാണ് സൂചന.
