
എറണാകുളം: എറണാകുളത്ത് എത്തിയ വി.ഡി സതീശന് റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം ഒരുക്കി കോൺഗ്രസ് പ്രവർത്തകർ. ആവേശത്തോടെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ പ്രിയ നേതാവിനെ തോളിലേറ്റി സ്വീകരിച്ചു. തിരുവനന്തപുരത്തെ വിജയാഘോഷത്തിന് ശേഷം ഇന്നാണ് വി.ഡി സതീശൻ എറണാകുളത്ത് എത്തിയത്. കൊച്ചി നഗരത്തിൽ നിന്ന് മാത്രമല്ല മറ്റ് സ്ഥലങ്ങളിൽ നിന്നുപോലും വിഡിയെ സ്വീകരിക്കാനായി ആളുകൾ എത്തിയിട്ടുണ്ട്. യുഡിഎഫ് പ്രവർത്തകരുടെ വലിയ ആവേശം റെയിൽവേ സ്റ്റേഷനിൽ കാണാനായി. മുഖ്യമന്ത്രീ സതീശാ. ധീരതയോടെ മുന്നോട്ട് എന്ന മുദ്രാവാഖ്യവും മുഴങ്ങി. പൊന്നെ കരളേ വി.ഡി.എസ്സേ എന്ന വിളിയും കേൾക്കാനായി.
അതേസമയം, സ്വീകരണത്തിനിടെ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു എന്നാണ് വിവരം. പ്രവർത്തകരുടെ ആവേശത്തിൽ റെയിൽവേ സ്റ്റേഷൻ്റെ ഇൻഫർമേഷൻ കൗണ്ടറിലെ ഗ്ലാസുകൾ പൊട്ടുകയും പ്രവേശന കവാടത്തിലെ സ്കാനറുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
