Categories
ദേശീയപാത നിർമ്മാണത്തിനിടെ കുന്നിടിഞ്ഞുണ്ടായ അപകടം; ഒരു മരണം, ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു
Trending News





കാസർകോട്: ദേശീയപാത 66 നിർമ്മാണത്തിനിടെ ചെറുവത്തൂർ മട്ടലായി കുന്നിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് ദാരുണ അന്ത്യം. രണ്ട് തൊഴിലാളികൾ പരിക്കുകളോടെ ചികിത്സയിലാണ്. അപകടസ്ഥലം ജില്ലാ കളക്ടർ കെ ഇമ്പശേഖർ ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഡി എന്നിവർ സന്ദർശിച്ചു. റോഡ് നിർമ്മാണത്തിലെ അപാകതയും നാട്ടുകാരുടെ പരാതിയും പരിശോധിച്ചു. വീരമല കുന്നും ജില്ലാ ഭരണ ഉദ്യോഗസ്ഥർ സന്ദർശിച്ചു. ദേശീയപാതാ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ ഉമേഷ് ഘർ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി പ്രസന്നകുമാരി, തഹസിൽദാർ, നിർമ്മാണ കരാർ കമ്പനി പ്രതിനിധികൾ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു. അപകടം തുടരുന്ന സാഹചര്യത്തിൽ സർവീസ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനം നിർത്തിവെക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർമ്മാണം തടയരുതെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ അഭ്യർത്ഥിച്ചു. കാലവർഷത്തിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ വീരമലക്കുന്ന്, മട്ടലായിക്കുന്ന് പ്രദേശങ്ങൾ സന്ദർശിച്ച് പരിശോധന നടത്തി അടിയന്തരമായി വിദഗ്ധ റിപ്പോർട്ട് ലഭ്യമാക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതുവരെ മട്ടലായി കുന്നിൽ അപകടം നടന്ന സ്ഥലത്ത് പാർശ്വ റോഡ് നിർമ്മാണം താൽക്കാലികമായി നിർത്തിവയ്ക്കാനും കളക്ടർ നിർദ്ദേശിച്ചു. അപകട ഭീഷണി നിലനിൽക്കുന്ന കുന്നിൻ മുകളിലെ ഹൈടെൻഷൻ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനും കലക്ടർ നിർദേശിച്ചു. കേരള വൈദ്യുതി ബോർഡിനാണ് നിർദ്ദേശം നൽകിയത്. ലൈൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള തുക നിർമ്മാണ കരാർ കമ്പനിയിൽ നിന്ന് ലഭ്യമാക്കും.
Also Read

മട്ടലായി കുന്നിൽ വൻ അപകട ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാർശ്വ റോഡ് നിർമ്മാണത്തിന് കൂടുതൽ ഭൂമി ഏറ്റെടുത്ത് സമീപ റോഡ് നിർമ്മാണം നടത്തണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ മൈനിങ് ആൻഡ് ജിയോളജി ഓഫീസർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, ഹോസ്ദുർഗ്ഗ് താഹസിൽദാർ, എൽ.എ.എൻ.എച്ച് തഹസിൽദാർ, ഫയർഫോഴ്സ് ഓഫീസർ, പോലീസ് ഉദ്യോഗസ്ഥർ, കരാർ നിർമ്മാണ കമ്പനി പ്രതിനിധികൾ, ദേശീയപാത അതോറിറ്റി ലൈസൻ ഓഫീസർ തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു.



Sorry, there was a YouTube error.