Categories
channelrb special Kerala news trending

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ മൂന്ന് വർഷത്തിൽ അധികം പരോളിൽ പുറത്ത് കഴിഞ്ഞു; പിണറായി സർക്കാർ വഴിവിട്ട് സഹായിച്ചു; കണക്കുകൾ സൂചിപ്പിക്കുന്നത്..?

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പിണറായി സർക്കാർ നൽകിയ പരോൾ വിവരങ്ങൾ പുറത്ത്. കേസിലെ മൂന്ന് പ്രതികൾക്ക് ഇത് വരെ ആയിരത്തിലേറെ ദിവസങ്ങൾ (മൂന്ന് വർഷത്തിൽ അധികം) പരോളാണ് ലഭിച്ചത്. ആറ് പേർക്ക് 500 ദിവസത്തെ പരോളും (ഒന്നര വർഷത്തിൽ അധികം) ലഭിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ചോദ്യത്തിന് മറുപടി ലഭിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്. ആഭ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയാണ് വിശദാംശങ്ങൾ പുറത്ത് വിട്ടത്. മൂന്ന് ചോദ്യങ്ങളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിയോട് ചോദിച്ചത്. ഒന്നാം പിണറായി, സർക്കാരിൻ്റെ കാലം മുതൽ ഇന്നുവരെ ടി.പി കേസിലെ പ്രതികൾക്ക് എത്ര നാൾ പരോൾ കിട്ടി, എന്ത് ആവശ്യങ്ങൾക്കാണ് നൽകിയത്, ആരുടെ ശുപാർശയിൽ.? ഇതിന് നൽകിയ മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തായത്. ടി.പി കേസ് പ്രതികള്ക്ക് 20 വർഷം തടവ് പൂർത്തിയാക്കാതെ ശിക്ഷയിൽ ഇളവ് നൽകരുതെന്ന ഹൈക്കോടതി വിധി ലംഘിച്ചായിരുന്നു നീക്കം. സംഭവം വിവാദമായതോടെ നടപടികൾക്ക് തുടക്കമിട്ട കണ്ണൂർ സെൻട്രൽ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്ത് സർക്കാർ തലയുരൂകയായിരുന്നു.

പ്രതികൾക്ക് ലഭിച്ച പരോൾ വിവരങ്ങൾ ഇങ്ങനെ: കെ.സി രാമചന്ദ്രൻ 1081 ദിവസം, ട്രൗസർ മനോജ് 1068 ദിവസവും, അണ്ണൻ സജിത്ത് 1078 ദിവസവും പരോളിൽ ഇറങ്ങി. ആറു പേർ 500ലധികം ദിവസം ജയിലിന് പുറത്തിറങ്ങി. ടി.കെ രജീഷ് 940 ദിവസം, മുഹമ്മദ് ഷാഫി 656, ഷിനോജ് 925, റഫീഖ് 782, കിർമാണി മനോജ് 851, എം.സി അനൂപ് 900 ദിവസം. ഒന്നാം പ്രതി കൊടി സുനിക്ക് 60 ദിവസവും പരോൾ ലഭിച്ചു. അടുത്തിടെ മനുഷ്യാവകാശ കമീഷൻ്റെ ശുപാർശയിൽ സുനിക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചിരുന്നു. ഗൂഢാലോചന പുറത്ത് വിടുമെന്ന് കാട്ടി പ്രതികൾ സി.പി.എമ്മിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് കൊണ്ടാണ് ഇത്രയധികം പരോൾ ലഭിക്കുന്നത് എന്നായിരുന്നു പ്രതിപക്ഷത്തിൻറെ വിമർശനം. പ്രതികളിൽ മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ. രജീഷ് എന്നിവരെ ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാനുള്ള ശ്രമവും സർക്കാരിൻ്റെ നേരത്തെ നടത്തിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *