Categories
articles local news news

കോവിഡ് കവർന്നെടുത്ത തെയ്യക്കാലം; കാവുകളും കഴകങ്ങളും ഉണർന്നു; മഹാമാരി താണ്ഡവമാടുമ്പോൾ തെല്ലൊരാശ്വാസം ഭക്തർക്ക്

കൊവിഡ് കാലം വന്നതോടെ തെല്ല് നിരാശയിൽ ആയിരുന്നെങ്കിലും ഇപ്പോൾ ചെറിയ രീതിയിൽ ചിലയിടങ്ങളിൽ ഉത്സവാഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്.

“എന്താ.. എന്‍റെ പൈതല്ന് പറയാന്ള്ളത്; കേക്കട്ടെ..?”

“എടക്കൊക്കെ, എനക്കെന്‍റെ അമ്മേനെ കാണാൻ പൂതിയാകും.. അപ്പൊ, എന്ക്ക് കരച്ചലും ബരും… എനക്കെന്‍റെ അമ്മേനെ കാണിച്ച്‌ തരോ..?”

“…ന്‍റെ കിടാവേ… കണ്ണ് പൂട്ടിക്കോ… അമ്മേടെ കയ്യിൽ, കുഞ്ഞിയായ നിന്നെ കാണാം..!”

അമ്മതെയ്യം പിഞ്ചുകുഞ്ഞിന്‍റെ കൈപിടിച്ചു നടക്കുന്നതും മടിയിലിരുത്തി താലോലിക്കുന്നതും കണ്ടുനിന്നവരുടെ കണ്ണുനിറഞ്ഞുപോയി. മണത്തണ നീലകരിങ്കാളി എന്ന മണത്തണ ഭൂതി കുഞ്ഞിനെ താലോലിച്ചപ്പോൾ ഇത്തരം ഒരു മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ആരും കരുതിയിരുന്നില്ല. വിളിച്ചപ്പോൾ തിരുമുറ്റത്ത് നിന്നും ഭയലേശമന്യേ അരികെയെത്തിയ കുഞ്ഞിന്‍റെ കയ്യും പിടിച്ചു തെയ്യം നടന്നു. പിന്നെ മടിയിലിരുത്തി മാറോടുചേർത്ത് അനുഗ്രഹിക്കുന്ന സാന്ത്വന കാഴ്ച ആരുടേയും കേരളലിയിക്കുന്നതായി.
കണ്ണൂർ, അഞ്ചരക്കണ്ടി, കടമ്പേരി മടപ്പുരയിൽ നടന്ന അമ്മത്തെയ്യവും കുഞ്ഞും ഇപ്പോൾ ദൃശ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

കൊവിഡ് നിയന്ത്രണങ്ങളിൽ അല്പം അയവു വന്നതോടെ കഴകങ്ങളും കാവുകളും ഉണർന്നു. ആൾക്കൂട്ടം ഒന്നുമില്ലെങ്കിലും ആഘോഷങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ തെയ്യങ്ങളും കളിയാട്ടങ്ങളും പൂർണ്ണമായി ഒഴിവാക്കി ദീപം തെളിക്കൽ മാത്രം നടത്തിവരികയാണ്.

തെയ്യകാലത്ത് ചെണ്ടയിൽ കോല് വീഴുന്ന ശബ്ദം എവിടെ കേൾക്കുന്നോ അവിടെയുണ്ടാകും നാട്ടുകാരെല്ലാം. എന്നാൽ കൊവിഡ് കാലം വന്നതോടെ തെല്ല് നിരാശയിൽ ആയിരുന്നെങ്കിലും ഇപ്പോൾ ചെറിയ രീതിയിൽ ചിലയിടങ്ങളിൽ ഉത്സവാഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. കലാപരിപാടികളും, ചന്തകളുമൊക്കെയായി ആൾക്കൂട്ടവും ബഹളവുമില്ല.

കൊവിഡ് മഹാമാരി പിടിമുറുക്കിയപ്പോൾ എല്ലാ ആചാരങ്ങളും ആഘോഷങ്ങളും നിശ്ചലമായി. കണ്ണൂരിൽ നവംബർ മാസത്തിൽ ചാത്തൻപള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന തെയ്യകാലം കളരിവാതുക്കൽ ക്ഷേത്രത്തിലാണ് അവസാനിക്കുക. ചാത്തൻപള്ളി ക്ഷേത്രത്തിൽ ചടങ്ങ് മാത്രമായി ഒതുങ്ങി. പഴയപടി ആൾക്കൂട്ടം ഒന്നുമില്ലെങ്കിലും ആഘോഷങ്ങൾ കവുകളിൽ നടന്നു വരികയാണ്. കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചു കൊണ്ടാണ് തെയ്യങ്ങൾ നടത്തുന്നത്. കാസർകോട് ജില്ലയിൽ പത്താമുദയത്തോടെയാണ് കളിയാട്ടം ആരംഭിക്കാറുള്ളത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest