
തെരുവുനായ പ്രശ്നം സുപ്രീംകോടതിയില്‍. കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തില്‍ പതിനൊന്ന് വയസുകാരന്‍ നിഹാല്‍ നൗഷാദ് മരണപ്പെട്ട സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി വീണ്ടും പരാമര്‍ശിച്ചത്.
അവധിക്കാല ബെഞ്ചിലാണ് പരാമര്‍ശം.ചൊവാഴ്‌ച ഹര്‍ജി പരാമര്‍ശിക്കാനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വീണ്ടും പരാമര്‍ശിക്കാൻ നിര്‍ദ്ദേശം. സുപ്രീംകോടതി നിയോഗിച്ച സിരിജഗൻ കമ്മിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അഭിഭാഷകൻ വി.കെ ബിജുവാണ് ഹര്‍ജി വീണ്ടും പരാമര്‍ശിച്ചത്.
അതേസമയം, പതിനൊന്നുകാരനെ തെരുവുനായ കടിച്ചുകൊന്ന മുഴപ്പിലങ്ങാട് കേട്ടിനകം മേഖലയില്‍ ഭീതിയോടെയാണ് നാട്ടുകാര്‍ കഴിയുന്നത്. നായ കടിക്കാൻ വന്നാല്‍ പ്രതിരോധിക്കാനായി വടികളുമായാണ് ആളുകള്‍ പുറത്തിറങ്ങുന്നത്.

കുട്ടിയുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സ്ഥലത്താകെ ഉയരുന്നത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാൻ ആരംഭിച്ചു.
ഓട്ടിസം ബാധിച്ച നിഹാലിനെ ഞായറാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിക്ക് സംസാര ശേഷി ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും എട്ടരയോടെ ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തി. അരക്ക് താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രക്തം വാര്‍ന്നാണ് മരണമെന്നാണ് പ്രഥമിക നിഗമനം. സംസാര ശേഷി ഇല്ലാത്തതിനാല്‍ നായ ആക്രമിച്ചപ്പോള്‍ കുട്ടിക്ക് നിലവിളിക്കാനും കഴിഞ്ഞില്ല.
