
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ച് മുസ്ലിം ലീഗ്. ലീഗിൻ്റെ തീരുമാനത്തിൽ കൂടുതൽ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ്. സീറ്റില്ലെങ്കില്‍ പരസ്യമായി പ്രതിഷേധിക്കാനാണ് ലീഗിലെ ഭൂരിഭാഗത്തിൻ്റെയും ആവശ്യം. യുഡിഎഫ് യോഗവും ബഹിഷ്‌കരിക്കാനും ലീഗ് നേതാക്കളിൽ സമ്മർദ്ദം ഏറുകയാണ്. അതിനാൽ ലോക്‌സഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്തണമെന്നാണ് ലീഗ് മുന്നോട്ട് വെക്കുന്ന നിര്‍ദേശം.

സീറ്റ് ചര്‍ച്ചകളില്‍ ഇനിയും കാലതാമസം എടുക്കുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം തന്നെ പറഞ്ഞു. മൂന്നാം സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലീഗിന് സീറ്റില്ലായെന്ന് ആരെങ്കിലും പുറത്ത് പറയുന്നുണ്ടെങ്കില്‍ അത് മര്യാദകേടാണ്. മൂന്നാം സീറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല. ഒറ്റക്ക് മത്സരിക്കുന്ന കാര്യം ഞങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നും പി.എം.എ സലാം വിശദീകരിച്ചു.
