അമേരിക്കയില്‍ അതിശക്തമായ മഞ്ഞുവീഴ്‌ച; ഒരാഴ്‌ചയ്ക്കിടെ മരിച്ചത് 37 പേര്‍, താപനില ദിവസങ്ങളായി മൈനസ് 45 ഡിഗ്രിയിൽ

You are currently viewing അമേരിക്കയില്‍ അതിശക്തമായ മഞ്ഞുവീഴ്‌ച; ഒരാഴ്‌ചയ്ക്കിടെ മരിച്ചത് 37 പേര്‍, താപനില ദിവസങ്ങളായി മൈനസ് 45 ഡിഗ്രിയിൽ

അമേരിക്കയില്‍ ഒരാഴ്‌ച കൊണ്ടുണ്ടായ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. രണ്ടരലക്ഷം വീടുകളിലെ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാനായില്ല. നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ടനുസരിച്ച്‌, ഞായറാഴ്‌ച രാവിലെ വരെ 43 ഇഞ്ച് മഞ്ഞാണ് ന്യൂയോര്‍ക്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ ബഫല്ലോയില്‍ പതിച്ചത്. റെയില്‍, റോഡ്, വ്യോമഗതാഗതം ഒരുപോലെ തകരാറില്‍ ആയതോടെ സമീപകാലത്തെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമാണ് യു.എസ് ജനത അനുഭവിക്കുന്നത്.

വൈദ്യുതി വിതരണം താറുമാറായതോടെ രാജ്യത്തെ രണ്ടരലക്ഷം വീടുകള്‍ ഇരുട്ടിലാണ്. ഫ്രീസ് മുന്നറിയിപ്പുകള്‍ തെക്കിലുടനീളം പ്രാബല്യത്തില്‍ ഉണ്ട്. തെക്കുകിഴക്ക്, മിഡ് വെസ്റ്റ്, ഈസ്റ്റ് കോസ്റ്റ് എന്നിവിടങ്ങളിലെ ചില പ്രധാന നഗരങ്ങള്‍ ദശാബ്ദങ്ങളിലെ ഏറ്റവും തണുപ്പുള്ള ക്രിസ്തുമസാണ് രേഖപ്പെടുത്തിയത്.

ഫ്ലോറിഡയില്‍, മിയാമി, ടാമ്പ, ഒര്‍ലാന്‍ഡോ, വെസ്റ്റ് പാം ബീച്ച്‌ എന്നിവിടങ്ങളില്‍ 1983ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ഡിസംബര്‍ ആയിരുന്നു ഇത്.

4000ത്തിലധികം വിമാനങ്ങള്‍ റദ്ദാക്കി

ദിവസവും രണ്ടായിരത്തിലേറെ വിമാന സര്‍വീസുകളാണ് റദ്ദാക്കുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങി പ്രധാന വിമാന കമ്പനികളുടെ എല്ലാം ഭൂരിപക്ഷം സര്‍വീസുകളും നിലച്ചു. പ്രധാന നഗരങ്ങളിലെല്ലാം ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദേശീയപാതകള്‍ പലയിടത്തും അടച്ചിട്ടിരിക്കുന്നു. റെയില്‍ ഗതാഗതം മുടങ്ങിയിട്ട് ഒരാഴ്‌ചയായി. പടിഞ്ഞാറന്‍ സംസ്ഥാനമായ മോണ്ടിയാനയില്‍ താപനില ദിവസങ്ങളായി മൈനസ് 45 ഡിഗ്രിയിലാണ്.

ആയിരക്കണക്കിന് വാഹനങ്ങള്‍ റോഡില്‍ മഞ്ഞില്‍ കുടുങ്ങി കിടക്കുന്നു. വരും ദിവസങ്ങളില്‍ മഞ്ഞുവീഴ്‌ചയ്ക്ക് അല്പം കുറവുണ്ടാകും എന്നാണ് കാലാവസ്ഥ അറിയിപ്പ്. അതിശൈത്യം അമേരിക്കയ്ക്ക് പുതുമ അല്ലെങ്കിലും രാജ്യമാകെ മരവിച്ചുപോകുന്ന ഇത്ര കടുത്ത അവസ്ഥ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. കാനഡയിലും അതിശൈത്യം കാരണം ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്.

0Shares