Categories
ചാമുണ്ഡിക്കുന്നിലെ നളിനി ദേജുനായിക് ദമ്പതികൾക്ക് ഈ വിഷുവിന് അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങാം
Trending News


കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്നിലെ നളിനി ദേജുനായിക് ദമ്പതികൾക്ക് ഈ വിഷുവിന് അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങാം. വിഷുക്കൈനീട്ടമായി സ്നേഹവീട് നൽകി അജാനൂർ ഗ്രാമപഞ്ചായത്ത്. കുടുംബശ്രീ മോഡൽ സി.ഡി.എസ് എം. രാജഗോപാലൻ എം.എൽ.എ താക്കോൽ ദാനം ചെയ്തു. സ്വന്തമായി കിടന്നുറങ്ങാൻ ഒരു വീടെന്ന സ്വപ്നം ഏവരുടെയും അഭിലാഷമാണ്. ചാമുണ്ഡിക്കുന്ന് റെയിൽവേ ലൈനിന് സമീപം താമസിക്കുന്ന വി.നളിനി ദേജുനായിക്ക് ദമ്പതികൾക്ക് തങ്ങളുടെ അഭിലാഷം പൂവണിയുന്ന ദിവസമായിരുന്നു വിഷു തലേന്നായ ഞായറാഴ്ചയിലെ സുദിനം. തകർന്നടിഞ്ഞ് വാസയോഗ്യമല്ലാത്ത ഒരു കൂരയിലായിരുന്നു ഇരുവരുടെയും താമസം. ഇവരുടെ കഷ്ടപ്പാട് കണ്ടറിഞ്ഞാണ് അജാനൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസ് ഒരു വീട് വച്ചു കൊടുക്കാൻ തീരുമാനിച്ചത്. പദ്ധതി പ്രവർത്തനം തുടങ്ങി അപേക്ഷ പ്രകാരം തികച്ചും അർഹമായ ഒരു കുടുംബത്തെ തന്നെയാണ് ഈ പദ്ധതിക്കായി അജാനൂർ സി.ഡി.എസ് തെരഞ്ഞെടുത്തത് യുദ്ധകാല അടിസ്ഥാനത്തിൽ ആറുമാസം കൊണ്ട് ആറ് ലക്ഷത്തി അമ്പതിനായിരം രൂപ ചെലവഴിച്ചു കൊണ്ടാണ് ഇരു മുറികളും സ്വീകരണം മുറിയും അടുക്കളയും ഒപ്പം നല്ലൊരു ശുചിമുറിയും ഉള്ള വീട് നിർമ്മിച്ചു നൽകിയത്. 2002ൽ രജിസ്റ്റർ ചെയ്ത അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി. എസ് വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം കലാസാംസ്കാരിക കാരുണ്യ രംഗങ്ങളിലും സജീവമാണ്. സംസ്ഥാന മിഷൻ്റെയും ജില്ലാ മിഷൻ്റെയും നേതൃത്വത്തിൽ വിവിധങ്ങളായ ക്യാമ്പയിൻ പ്രവർത്തനങ്ങൾ അജാനൂർ കുടുംബശ്രീ സി.ഡി.എസ് ഏറ്റെടുത്ത് നടത്തുന്നുണ്ട്.
Also Read
കുടുംബശ്രീ അരങ്ങ് കലോത്സവങ്ങളിൽ സംസ്ഥാനതലം വരെ അജാനൂർ സി.ഡി.എസിലെ കലാകാരികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങി കൂട്ടുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഇന്നും തികച്ചും മാതൃകാപരമായി തന്നെ സി.ഡി.എസിൻ്റെ പ്രവർത്തനം അജാനൂരിൽ നടന്നുകൊണ്ടിരിക്കുന്നു. 2024 ജനുവരി ഒന്നിന് നടന്ന സി.ഡി.എസിൻ്റെ യോഗത്തിൽ സ്നേഹ ഭവനം എന്ന ആശയം ഉയർന്നുവരികയും അന്നുതന്നെ ഇതിനു വേണ്ടിയുള്ള ഫണ്ട് കണ്ടെത്താൻ പ്രവർത്തനം തുടങ്ങുകയും ചെയ്തു. അങ്ങനെ ഓരോ വാർഡുകളിലും നൽകാൻ 100 രൂപയുടെ സമ്മാന കൂപ്പൺ അടിക്കുകയും സി.ഡി.എസ്, എ.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും വിതരണം ചെയ്ത് ഫണ്ട് കണ്ടെത്തുകയും ചെയ്തു. അങ്ങനെ ഒന്നാം സമ്മാനമായി പത്തായിരം രൂപയും രണ്ടാം സമ്മാനമായി 7000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും കൂടാതെ 23 വാർഡിൽ നിന്നും സ്പോൺസർഷിപ്പിലൂടെ 10 കിലോ അരി, പ്രോത്സാഹന സമ്മാനം കൂടി വച്ചുകൊണ്ടാണ് ഇതിനാവശ്യമായ തുക കണ്ടെത്തിയത്. അങ്ങനെ കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിൽ സ്നേഹ വീടിന് പ്രത്യേകമായി ഒരു അക്കൗണ്ട് നൽകുകയും കുടുംബശ്രീ സി.ഡി.എസ് അയൽക്കൂട്ടം അംഗങ്ങൾ എന്നിവയുടെ കൂട്ടായ്മയിലൂടെ ഇതിന് ആവശ്യമായ തുക ബാങ്കിൽ ലഭിക്കുകയും ചെയ്തു. മുൻ ഭരണ സമിതിയുടെ കാലത്താണ് ഇങ്ങനെയൊരു സ്വപ്ന തുല്യമായ പദ്ധതി ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചതെങ്കിലും ഇപ്പോൾ എം.വി രത്നകുമാരി ചെയർപേഴ്സൺ ആയുള്ള സി.ഡി.എസിൻ്റെ അഞ്ചാമത്തെ ഭരണസമിതിയാണ് പ്രവർത്തനം നടത്തി വീടിൻ്റെ താക്കോൽദാനം നടത്തിയിരിക്കുന്നത്. ഒപ്പം അജാനൂർ പഞ്ചായത്ത് ഭരണസമിതിയും ഈ പ്രവർത്തനത്തിന് നിർലോഭമായ പിന്തുണ നൽകി. സ്നേഹ തണൽ എന്ന സ്നേഹ വീടിൻ്റെ താക്കോൽദാനം എം. രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസ് കാസർഗോഡ്ജില്ല കുടുംബശ്രീ എ.ഡി.എം.സി
ഡി. ഹരിദാസ്, ജന പ്രതിനിധികൾ, കുടുംബശ്രീ എ.ഡി.എസ്, സി. ഡി. എസ് അംഗങ്ങൾ ഹരിതസേന പ്രവർത്തകർ മറ്റ് പൊതുപ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ ദമ്പതികളായ വി.നളിനി തേജു നായക് ദമ്പതികൾ ചേർന്ന് താക്കോൽ ഏറ്റുവാങ്ങി.
അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ, അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി.പുഷ്പ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ദേവി രവീന്ദ്രൻ, മുൻ സി.ഡി.എസ് ചെയർപേഴ്സൺ കെ.സുജാത, പൊതുപ്രവർത്തകരായ കെ. രാജ് മോഹനൻ, കുഞ്ഞിരാമൻ എക്കാൽ, ഹമീദ് ചേരക്കാടത്ത്, സി. മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ എം.വി.രത്നകുമാരി സ്വാഗതവും വൈസ് ചെയർപേഴ്സൺ ബിന്ദു നന്ദിയും പറഞ്ഞു. വീട് ലഭിച്ച വി. നളിനി ദേജു നായിക്ക് ദമ്പതികൾ സന്തോഷ സൂചകമായി പരിപാടിക്ക് എത്തിയ എല്ലാവർക്കും പ്രഥമൻ അടക്കം സമ്മാനിച്ചുകൊണ്ട് വിഭവസമൃദ്ധമായ സദ്യയും നൽകി.

Sorry, there was a YouTube error.