
ലഖിംപുര്‍ഖേരി: ദളിത് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊന്നു കെട്ടിത്തൂക്കിയ പ്രതികളിലൊരാളെ പോലീസ് കീഴ്‌പ്പെടുത്തിയത് ഏറ്റുമുട്ടലിനൊടുവില്‍. കഴിഞ്ഞദിവസം കസ്‌റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ വ്യാഴാഴ്‌ച കാല്‍മുട്ടിന് താഴെ വെടിവച്ചാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.
പരുക്കേറ്റ പ്രതിയെ തോളില്‍ത്താങ്ങി കൊണ്ടുവരുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. പെണ്‍കുട്ടികളുമായി സൗഹൃദമുണ്ടായിരുന്നുവെന്നു പോലീസ് പറയുന്ന പ്രതികളിലൊരാളായ ജുനൈദിനെയാണ് ഏറ്റുമുട്ടലിനൊടുവില്‍ കീഴ്‌പ്പെടുത്തിയത്.

പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആറുപ്രതികളെയും കസ്‌റ്റഡിയിലെടുത്തിരുന്നു. പക്ഷേ, ജുനൈദ് പോലീസ് പിടിയില്‍ നിന്നു രക്ഷപ്പെട്ടു. സമീപത്തെ കരിമ്പിന്‍ തോട്ടത്തില്‍ ഒളിച്ച ഇയാളെ രാവിലെയാണ് പോലീസ് കീഴ്‌പ്പെടുത്തി വീണ്ടും കസ്‌റ്റഡിയില്‍ എടുത്തത്.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ വലതുകാല്‍ മുട്ടിന് താഴെ വെടിവച്ചാണ് കീഴ്‌പ്പെടുത്തിയത്. പിന്നീട് രണ്ട് പോലീസുകാര്‍ ഇയാളെ തോളില്‍താങ്ങി പുറത്തെത്തിച്ചു. ഇതിൻ്റെ ദൃശ്യങ്ങൾ പോലീസ് തന്നെ പുറത്തു വിട്ടതായാണ് സൂചന.
