
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച ദില്ലിയിൽ തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി സംസാരിച്ചു. കൂടാതെ പ്രിയങ്കഗാന്ധിയോടും രാഹുൽ അഭിപ്രായം തേടി. സഖ്യകക്ഷി നേതാക്കളുമായും രാഹുൽ വീണ്ടും ഫോണിൽ സംസാരിച്ചേക്കും. വിശാല കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എടുക്കാനാണ് രാഹുൽ ഗാന്ധി നീക്കങ്ങൾ നടത്തുന്നത്. മുഖ്യമന്ത്രി തീരുമാനത്തിൽ അടുത്ത ദിവസം തന്നെ പ്രഖ്യാപനം നടത്താനാണ് സാധ്യത.
അതിനിടെ മുൻ പിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചു. ഇതിന് പുറമെ ചില നേതാക്കളുടെ കൂടി അഭിപ്രായം ഹൈക്കമാൻഡ് തേടുമെന്നാണ് വിവരം. മുതിർന്ന നേതാക്കളായ കെ സുധാകരൻ, കെ മുരളീധരൻ, എംഎം ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ഇന്ന് രാത്രി തന്നെ ദില്ലിയിലേക്ക് പുറപ്പെടും. സോണിയാ ഗാന്ധിയുമായി ഔപചാരിക ചര്‍ച്ചകള്‍ക്ക് ശേഷമാകും പ്രഖ്യാപനം. ഘടകകക്ഷികള്‍ക്കും എതിര്‍പ്പ് ഉണ്ടാകാത്തവിധം തീരുമാനം എടുക്കാനാണ് രാഹുൽ ശ്രമിക്കുന്നത്.
