ജില്ലാ കളക്ടറുടെ അടിയന്തിര ഇടപെടൽ വേണം, ഇല്ലങ്കിൽ വോട്ട് ബഹിഷ്കരിക്കും; കാസർകോട്ടെ ദേലംപാടിയിൽ നിന്നും 400 ഓളം വരുന്ന കുടുംബങ്ങളുടെ വേറിട്ട പ്രതിഷേധം

You are currently viewing ജില്ലാ കളക്ടറുടെ അടിയന്തിര ഇടപെടൽ വേണം, ഇല്ലങ്കിൽ വോട്ട് ബഹിഷ്കരിക്കും; കാസർകോട്ടെ ദേലംപാടിയിൽ നിന്നും 400 ഓളം വരുന്ന കുടുംബങ്ങളുടെ വേറിട്ട പ്രതിഷേധം

ഇലക്ഷൻ സ്പെഷ്യൽ

ദേലംപാടി (കാസർകോട്): തദ്ദേശ തെരഞ്ഞടുപ്പിൽ വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങി ഒരു ഗ്രാമം. കാസർകോട് ജില്ലയിലെ ദേലംപാടി പഞ്ചായത്തിൽ 15 16 വാർഡുകളിലെ 400 ഓളം വരുന്ന വോട്ടർമാരാണ് വോട്ട് ബഹിഷ്കരിക്കും എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നത്. അടിസ്ഥാന വികസന കാര്യത്തിൽ മാറിമാറി വന്ന ഭരണ കർത്താക്കൾ തങ്ങളുടെ ഗ്രാമത്തെ അവഗണിച്ചു എന്നാണ് ഇവരുടെ പരാതി. വാർഡ് 15 നൂയിoവീട്, അഡ്ഡന്തടുക്ക പ്രദേശ വാസികളും വാർഡ് 16 കൊമ്പോട് നിവാസികളുമാണ് വോട്ട് ബഹിഷ്കരണം എന്ന പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ 15 വർഷത്തിൽ അധികമായി ഈ നാട്ടുകാർക്ക് പേരിന് പോലും ഒരു വികസനവും കിട്ടിയിട്ടില്ല. ഈ നാട്ടിലേക്ക് സ്വന്തമായി കേരളത്തിൽ നിന്നും ഒരു റോഡ് പോലും ഇല്ല. നിലവിൽ കർണാടകയിലെ പള്ളത്തൂർ വഴിയാണ് ഇവിടത്തുകാർ നൂജിബെട്ടുവിലേക്ക് എത്തുന്നത്. കേരള വനത്തിലൂടെ പഴക്കം ചെന്ന ബ്രിട്ടീഷ് കാലത്തെ റോഡ് നിലവിലുണ്ടങ്കിലും യാത്ര സൗകര്യം ദുസ്സഹമാണ്. ഈ റോഡ് കോൺക്രീറ്റ് ചെയ്ത് നന്നാക്കി തരണമെന്നാണ് ഇവിടത്തുകാരുടെ പ്രധാന ആവശ്യം.

കർണാടക വഴി നൂജിബെട്ടുവിൽ എത്താൻ നാട്ടുകാർ ഇപ്പോൾ ആശ്രയിക്കുന്നത് എരിക്കടവ് പാലത്തിനെയാണ്. ലോക് ഡൌൺ സമയത്ത് കർണാടക മണ്ണിട്ട് അടച്ച് യാത്ര തടസ്സപെടുത്തിയത് വഴി ഏറെ ദുരിതം പേറിയതും ഈ നാട്ടുകാരാണ്. ലോക് ഡൗൺ കാലത്ത് മാസങ്ങളോളമാണ് കേരളത്തിലായിരുന്നിട്ടും ഇവിടത്തുകാർ ഒറ്റപെട്ടത്. ഇതിന് പ്രധാന കാരണം വനത്തിലൂടെയുള്ള യഥാർത്ഥ റോഡ് കേരള സർക്കാർ നന്നാക്കാത്തതാണ്. പഞ്ചായത്ത് അധികൃതരോ എം.എൽ.എ യോ എം.പിയോ തിരിഞ്ഞു നോക്കിയില്ല എന്നും നാട്ടുകാർ പറഞ്ഞു.

നിലവിൽ കർണാടക വഴി നൂജ് ബെട്ടുവിൽ എത്താൻ നാട്ടുകാർ ഉപയോഗിക്കുന്ന റോഡും എരിക്കടവ് പാലത്തിനും എല്ലാം ഒരു കോട്ടയം മണമുണ്ട്. കാരണം കോട്ടയത്തുകാരനായ എം.എം മാത്യു എന്ന കർഷകൻ നൂജിബെട്ടുവിൽ താമസമാക്കിയ കാലം. അന്ന് അദ്ദേഹം നാട്ടുകാരെയും കൂട്ടി മന്ത്രിയായിരുന്ന കെ.എം മാണിയെ കാണാൻ പാലായിൽ പോയതും പാലം പണിയാനുള്ള അനുമതി വാങ്ങിയതും ഇവടത്തുകാർ ഇന്നും ഓർക്കുന്നു.

2003 ൽ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ദേലംപാടി പഞ്ചായത്ത് നൂജ്‌ബെട്ടുവിൽ പണിത അംഗനവാടി കെട്ടിടം ഇപ്പോൾ അപകടത്തിലാണ്. താൽക്കാലികമായി അടുത്തുള്ള ഒറ്റമുറി എസ്.സി കമ്മ്യൂണിറ്റി ഹോളിലാണ് അംഗനവാടി പ്രവർത്തിക്കുന്നത്. വൈദ്യുതിയോ വെള്ളമോ ഇല്ല. വെള്ളത്തിനായി വർഷങ്ങൾക്ക് മുമ്പ് പണിത കുഴൽ കിണർ ഉപയോഗിക്കാൻ പറ്റാത്തവിധം നശിച്ചിരിക്കുന്നു.

വനത്തോട് ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ കാട്ടാന ശല്യവും മറ്റു വന്യ മൃഗ ശല്യവും കൂടുതലാണ്. അതിനും പരിഹാരം വേണം. തങ്ങളുടെ ആവശ്യങ്ങൾക്ക് ബന്ധപ്പെട്ട അധികാരികൾ ഉറപ്പ് നൽകിയാൽ മാത്രമേ വോട്ട് എന്ന കടമ ഞങ്ങൾ നിർവഹിക്കു എന്നും നാട്ടുകാർ പറഞ്ഞു. വോട്ട് ചോദിച്ച് കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി പി.ബി ഷെഫീഖിനോട് ഈ കാര്യങ്ങൾ നാട്ടുകാർ പറയുകയും ചെയ്തു. വികസന കാര്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് ആവശ്യമാണെന്നും ഈ കാര്യങ്ങളിൽ ജില്ലയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അടിയന്തിര ഇടപെടൽ നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

0Shares