
കാസര്‍കോട് ജില്ലയിലെ പെരിയ ഇരട്ടക്കൊലക്കേസിന്‍റെ കേസ് ഡയറി സംസ്ഥാന ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറി. പെരിയ കൊലപാതകക്കേസിൽ സി.ബി.ഐ അന്വേഷണം ഒഴിവാക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് കേസ് ഡയറി ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറിയത്.

ഹൈക്കോടതി സിംഗിൾ ബഞ്ചും പിന്നാലെ ഡിവിഷൻ ബഞ്ചും കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും, പോലീസ് സി.ബി.ഐയോട് സമ്പൂർണ നിസ്സഹകരണമാണ് കാണിച്ചിരുന്നത്. കേസന്വേഷണം സി.ബി.ഐയ്ക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും ശരിവച്ചതാണ്. അതിന് ശേഷം നാല് തവണ കേസ് ഡയറിയും രേഖകളും തേടി സി.ബി.ഐ പോലീസിന് കത്ത് നൽകി.
എന്നിട്ടും മറുപടി കിട്ടിയില്ല. കേസിൽ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാൽ, ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി.ബി.ഐയ്ക്ക് അടിയന്തിരമായി കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
