Categories
education national news

കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോൺ നമ്പറുകൾ വാങ്ങി നിരന്തരം ഭീഷണിപ്പെടുത്തുന്നു; ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എഡ്യൂക്കേഷൻ സ്റ്റാർട്ടപ്പാണ് മലയാളിയായ ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസ്.

രാജ്യത്തെ പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ രംഗത്ത്. ബൈജൂസ് ആപ്പ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോൺ നമ്പറുകൾ വാങ്ങി നിരന്തരം ശല്യപ്പെടുത്തുകയും കോഴ്‌സുകൾ വാങ്ങിയില്ലെങ്കിൽ അവരുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് എൻ.സി.പി.സി.ആർ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് വെളിപ്പെടുത്തി.

ആദ്യ തലമുറയിലെ പഠിതാക്കളെയാണ് അവർ ലക്ഷ്യമിടുന്നത് എന്നും നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് ലഭിച്ചതെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ നടപടി ആരംഭിച്ചിട്ടുണ്ടെന്നും എൻ.സി.പി.സി.ആർ ചെയർപേഴ്‌സൺ വ്യക്തമാക്കി. ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തി സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും കോഴ്‌സ്‌കൾ വിറ്റഴിച്ചെന്ന പരാതിയിൽ ഡിസംബർ 23 ന് ബൈജൂസ് സി.ഇ.ഒ ബൈജു രവീന്ദ്രനോട് നേരിട്ട് ഹാജരാകാനും ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ സമൻസ് അയച്ചിരുന്നു. ബൈജുവിൻ്റെ സെയിൽസ് ടീം ദുഷ്പ്രവണതകൾ നടത്തുന്നുവെന്നെന്ന വാർത്താ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചൈൽഡ് പാനൽ നടപടി സ്വീകരിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എഡ്യൂക്കേഷൻ സ്റ്റാർട്ടപ്പാണ് മലയാളിയായ ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസ്. 22 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ ആകെ മൂല്യം. അതേസമയം ഈ വാർത്തയോട് ഇതുവരെ കമ്പനി പ്രതികരിച്ചിട്ടില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *