Categories
education international news sports

അംബാസിഡർ ആകാൻ മെസിക്ക് നല്‍കിയത് എത്ര കോടി; ആരാധകർ അറിയണം, വെളിപ്പെടുത്തി ബൈജൂസ് സ്ഥാപകന്‍

സാമൂഹിക ക്ഷേമ പദ്ധതി സൃഷ്ടിക്കുന്നതിനുള്ള പങ്കാളിത്തമാണ് കരാര്‍

ന്യൂഡല്‍ഹി: ലോകത്തെ തന്നെ ഏറ്റവും മൂല്യമുള്ള എഡ്യു ടെക് കമ്പനിയായ ബൈജൂസിൻ്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി അര്‍ജന്റീനിയന്‍ ഫുട്ബാള്‍ താരം ലയണല്‍ മെസിയെ തിരഞ്ഞെടുത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വര്‍ദ്ധിച്ചു വരുന്ന നഷ്ടത്തെ തുടര്‍ന്ന് അ‌ഞ്ചുശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചിരിക്കെ മെസിയെ അംബാസിഡർ ആക്കിയതായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. ഇതില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍.

മെസിയുമായുള്ള കരാ‌ര്‍ സാധാരണ സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടല്ലെന്നാണ് ബൈജു വ്യക്തമാക്കിയത്. സാമൂഹിക ക്ഷേമ പദ്ധതി സൃഷ്ടിക്കുന്നതിനുള്ള പങ്കാളിത്തമാണ് കരാര്‍. ആറുമാസം മുമ്പ് ഇതില്‍ ഒപ്പിട്ടിരുന്നു. ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം മെസിയ്ക്ക് പണം നല്‍കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. മെസിയുമായുള്ള കരാറില്‍ കമ്പനി പണം നല്‍കിയിട്ടില്ലെന്നും ബൈജു അറിയിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ബൈജൂസിൻ്റെ സഹസ്ഥാപകയായ ദിവ്യ ഗോകുല്‍നാഥും വിവാദങ്ങളില്‍ പ്രതികരിച്ചിരുന്നു. മെസിയുമായുള്ള കരാര്‍ സ്‌പോണ്‍സര്‍ഷിപ്പ് അല്ല മറിച്ച്‌ ഒരു സാമൂഹിക പങ്കാളിത്തമാണെന്നാണ് ദിവ്യ വിശദീകരിച്ചത്.

‘എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന’ ബൈജൂസിൻ്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് മെസിയെ നിയോഗിച്ചിരിക്കുന്നത്.ബൈജൂസിൻ്റെ ജഴ്‌സിയും ധരിച്ച്‌ ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന പന്തുമായി നില്‍ക്കുന്ന മെസിയുടെ ചിത്രവും പുറത്തുവന്നിരുന്നു. ഖത്തറില്‍ നടക്കുന്ന ഫുട്ബാള്‍ ലോകകപ്പിൻ്റെ ഔദ്യോഗിക സ്പോണ്‍സര്‍ കൂടിയാണ് ബൈജൂസ്.

‘ഞങ്ങളുടെ ഗ്ലോബല്‍ അംബാസിഡര്‍ എന്ന നിലയില്‍ മെസിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ ആവേശവും അഭിമാനവുമുണ്ട്. നിലവില്‍ ബൈജൂസ് ശാക്തീകരിച്ചു കൊണ്ടിരിക്കുന്ന 5.5 മില്യണ്‍ കുട്ടികള്‍ക്ക് അവസരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ബൈജൂസിൻ്റെ ബ്രാന്‍ഡ് മൂല്യങ്ങളുമായി ഒത്തുപോകുന്ന ഒരു തലമുറയുടെ പ്രതിഭയാണ് ലയണല്‍ മെസി.

എക്കാലത്തെയും മികച്ച കളിക്കാരനാണ്. കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ മികവുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ഈ പങ്കാളിത്തം ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേരെ വലിയ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’- കരാര്‍ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ട് ബൈജൂസ് സഹ സ്ഥാപക ദിവ്യ ഗോകുല്‍ നാഥ് പറഞ്ഞിരുന്നു.

‘ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ജീവിതത്തെ മാറ്റും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ബൈജൂസ് കരിയര്‍ വെട്ടിത്തെളിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ പ്രചോദനമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ -ഇതായിരുന്നു മെസിയുടെ പ്രതികരണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *