
കൊച്ചി: ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണം ഇല്ലാത്തതിൻ്റെ പേരിലോ രേഖകളില്ലാത്തതിൻ്റെ പേരിലോ ചികിത്സ നിഷേധിക്കരുത്. മനുഷ്യരുടെ ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കുമുണ്ട്. ആശുപത്രി അധികൃതർ വെറും കച്ചവട കണ്ണോടെ മാത്രം രോഗികളെ കാണരുത്. മനുഷ്യത്വ പരമായി കാണണം. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമെന്ന് ഉറപ്പാക്കുകയും വേണം. തുടർചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം ഏറ്റടുക്കണം. ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം. ഓരോ ചികിത്സയുടെയും കൃത്യമായ നിരക്കുകൾ രോഗികൾക്കും ബന്ധുക്കൾക്കും എളുപ്പത്തിൽ മനസിലാക്കാൻ കഴിയണമെന്നും കോടതി നിർദ്ദേശിച്ചു.
രോഗികളുടെ അവകാശങ്ങൾ ഊട്ടിയുറപ്പിച്ച് സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കണമെന്നും ഹൈക്കോടതിയുടെ കർശന മാർഗനിർദേശങ്ങളിൽ പറയുന്നു. മുൻകൂർ തുക അടയ്ക്കാത്തതിൻ്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കരുതെന്നും ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുമ്പോൾ എക്‌സ്‌റേ ഉൾപ്പെടെയുള്ള എല്ലാ പരിശോധനഫലങ്ങളും റിപ്പോർട്ടുകളും രോഗിക്ക് കൈമാറാണമെന്നും ഉത്തരവിൽ പറയുന്നു. രോഗികളുടെ അവകാശങ്ങൾക്കും ചികിത്സ സുതാര്യതയ്ക്കും മുൻഗണന നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആരോഗ്യത്തോടെ ജീവിക്കുകയെന്ന ഭരണഘടനാപരമായ അവകാശത്തിൻ്റെ ഭാഗമാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ടെന്നും കോടതി നിരീക്ഷിച്ചു.
നിരക്കുകളടക്കം പ്രദർശിപ്പിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി ഉടമകളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) നൽകിയ അപ്പീലുകൾ തള്ളിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിർണായക ഉത്തരവ് എന്നതും ശ്രദ്ധേയമാണ്. രോഗികൾക്കായി ആശുപത്രികളിൽ പരാതി പരിഹാര സംവിധാനങ്ങൾ ഒരുക്കണം. ഇതിനായി പ്രത്യേക ഹെൽപ് ഡെസ്കുകളും പ്രവർത്തിക്കണം. പരാതി പരിഹാര സംവിധാനം നടപ്പിലാക്കാത്ത ആശുപത്രികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും കോടതി ഓർമ്മിപ്പിച്ചു.
