
ഇന്ത്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്ന മുൻ ഉപ പ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ എൽ.കെ അദ്വാനിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് -ലൂടെയാണ് വിവരം പങ്കുവച്ചത്. അദ്വാനിയോട് സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേർന്നതായും പ്രധാനമന്ത്രി അറിയിച്ചു. 96 മത്തെ വയസ്സിലാണ് പരോമന്നത സിവിലിയൻ ബഹുമതി അദ്വാനിയെ തേടിയെത്തുന്നത്.
‘‘അദ്വാനിജിക്ക് ഭാരതരത്നം നൽകുന്ന വിവരം ഏറെ സന്തോഷത്തോടെ ഞാൻ അറിയിക്കുകയാണ്. പുരസ്‌കാര വിവരം അദ്ദേഹത്തെ നേരിട്ട് അറിയിക്കുകയും അഭിനന്ദനം പങ്കുവച്ചു. ഞങ്ങളുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച രാഷ്‌ട്ര തന്ത്രജ്ഞനാണ് അദ്വാനിജീ.” മോദി കുറിച്ചു.

‘രാജ്യത്തിൻ്റെ വികസനത്തിനായി അദ്ദേഹം നൽകിയ സംഭവനകൾ ബൃഹത്താണ്. സമൂഹത്തിൻ്റെ താഴേക്കിടയിൽ നിന്ന് രാജ്യത്തിൻ്റെ ഉപപ്രധാനമന്ത്രി വരെയായി മാറിയ സേവനമാണ് അദ്വാനിജീക്കുള്ളത്. പാർലമമെണ്ടിലെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും ഉൾക്കാഴ്‌ച പൂർണവുമായിരുന്നു’’.- മോദി കുറിച്ചു.
രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്വാനി ബി.ജെ.പിയെ രാജ്യത്ത് സജീവമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. അവിഭക്ത ഭാരതത്തിലെ കറാച്ചിയിൽ 1927 നവംബർ എട്ടിനാണ് അദ്വാനി ജനിച്ചത്. 1951ൽ ശ്യാമപ്രസാദ് മുഖർജി ആരംഭിച്ച ജനസംഘത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത് വഴിത്തിരിവായി.
1986ൽ ബി.ജെ.പി ദേശീയ പ്രസിഡണ്ടായി. 1999 മുതൽ 2004 വരെ ആഭ്യന്തര മന്ത്രിയായിരുന്നു. 2002 മുതൽ 2004 വരെ ഉപപ്രധാനമന്ത്രി പദവും വഹിച്ചു. 2004 മുതൽ 2009 വരെ ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. 2005 ഡിസംബർ വരെ ബി.ജെ.പി പ്രസിഡണ്ടുമായിരുന്നു.
2004, 2009 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പാർട്ടിക്ക് ലോക്‌സഭയിൽ ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി. 2019 വരെ ഏഴുതവണ ലോക്‌സഭാംഗമായിരുന്ന അദ്വാനി പ്രായാധിക്യത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.
