രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യം കോടതി തള്ളി; പാർട്ടിയിൽ നിന്നും പുറത്താക്കി കോൺഗ്രസ്; ഒളിവിൽ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാൻ സാധ്യത.?

You are currently viewing രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യം കോടതി തള്ളി; പാർട്ടിയിൽ നിന്നും പുറത്താക്കി കോൺഗ്രസ്; ഒളിവിൽ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാൻ സാധ്യത.?

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി മുന്‍കൂര്‍ ജാമ്യം നൽകയില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി ചെയ്‌ത തെറ്റ് ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാഹുലിനെ പുറത്താക്കി. കോടതി വിധിക്കായി കോൺഗ്രസ് കാത്തുനിൽക്കുകയായിരുന്നു. വിധി വന്ന ഉടൻ നിലപാട് വ്യക്തമാക്കിയ കെ.പി.സി.സി അധ്യക്ഷൻ രാഹുൽ ഇന്നുമുതൽ കോൺഗ്രസിന് പുറത്താണെന്നും മാധ്യമങ്ങളെ അറിയിച്ചു. ഒളിവിലുള്ള രാഹുലിനെ ഉടൻ പോലീസ് പിടികൂടുമെന്നാണ് സൂചന.

പാർട്ടി സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്നു വന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു. രാഹുല്‍ എം.എല്‍.എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതാണ് ഉജിതം. കെ.പി.സി.സിക്ക് ലഭിച്ച പരാതി കിട്ടിയ ഉടൻ തന്നെ ഡിജിപിക്ക് കൈമാറിയ മാതൃകാപരമായ തീരുമാനം എടുത്ത പാർട്ടിയാണ് കോൺഗ്രസ്. ഇതുപോലെ രാഷ്ട്രീയത്തിൽ ഇടത്തുമെന്നണി മാതൃക കാണിക്കാറുണ്ടോ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി വന്നത്. ഇന്നലെയും ഇന്നും രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചിട്ടുള്ളത്. രാഹുലിനെതിരായ വിശദാംശങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞു എന്നത് സർക്കാരിന് നേട്ടമാണ്. രാഹുൽ കോടതിയിൽ കീഴടങ്ങുമോ അതോ പോലീസിന് പിടിനൽകുമോ എന്നത് കണ്ടറിയണം.

0Shares