
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ വകുപ്പിൻ്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 1692.95 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിൻ്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിൻ്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ കേരള മിഷൻ്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ് സ്‌കോര്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നൂതന ഇടപെടലുകള്‍ സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കല്‍, മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.
കൗമാരക്കാരുടെ ശാരീരിക-മാനസിക വളര്‍ച്ച ലക്ഷ്യമാക്കി നടപ്പിലാക്കിയ ‘തളിര്‍’ പദ്ധതി, മാനസികാരോഗ്യ രംഗത്ത് പുതിയൊരു മാതൃകയായി മാറിയ ആത്മഹത്യാ പ്രതിരോധ ക്ലിനിക്ക്, ഭിന്നശേഷിക്കാര്‍ക്ക് സ്വയംപര്യാപ്തത ഒരുക്കിയ സ്‌കൂട്ടി വിതരണം, സ്ഥിര ചികിത്സ ഉറപ്പാക്കി പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്റര്‍ എന്നിവ ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യ മേഖലയില്‍ വലിയ പിന്തുണ നേടി. രോഗികളുടെ വീട്ടുവാതില്‍ക്കല്‍ തന്നെ ചികിത്സ എത്തിച്ച ‘സ്‌നേഹപദം’ സഞ്ചരിക്കുന്ന ആതുരാലയം, ചെറുവത്തൂര്‍ സി.എച്ച്.എസ്.സി-യിലെ രാത്രികാല ഒ.പി, ആറു പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി ശുചിത്വ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിൻ്റെ ദുരിതാശ്വാസനിധിയില്‍ നിന്നും സ്പര്‍ശം എന്ന പേരില്‍ നിര്‍ധന രോഗികള്‍ക്ക് നല്‍കിയ ധനസഹായ വിതരണം എന്നിവയും ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാനതല അംഗീകാരം നേടിക്കൊടുത്തു. ജനങ്ങളുടെ ആരോഗ്യത്തിനും ജീവിത നിലവാരത്തിനും മുന്‍ഗണന നല്‍കി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ആര്‍ദ്ര കേരളം പുരസ്‌കാരത്തിലേക്ക് എത്തിച്ചതെന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ പറഞ്ഞു.
