
കാസര്‍കോട്: ദേശീയപാത കുമ്പള അരിക്കാടിയിൽ ജനരോഷം മറികടന്ന് ടോള്‍ പിരിവ് നടത്തുന്നതിന് എതിരെ മഞ്ചേശ്വരം MLA എ.കെ.എം അഷ്‌റഫിൻ്റെ നേതൃത്വത്തിൽ ജനകീയ സമരം ആരംഭിച്ചു. അനിശ്ചിതകാല സമരമാണ് ദേശീയ പാതയോരത്ത് പന്തൽ കെട്ടി ആരംഭിച്ചത്. സമരത്തിന് എല്ലാ കോണുകളിൽ നിന്നും പിന്തുണയുമായി ആളുകൾ എത്തുന്നുണ്ട്. ചൊവ്വാഴ്ച്ച രാവിലെ ആരംഭിച്ച സമരം കാസറഗോഡ് MLA എന്‍.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂര്‍, പ്രത്വുരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളെ, കുമ്പള ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ വി പി അബ്ദുൽ ഖാദർ ഹാജി തുടങ്ങിയവരും മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നു. കഴിഞ്ഞ ദിവസം സമരത്തിൽ പങ്കടുക്കാതിരുന്ന സിപിഎം കുമ്പള ഏരിയ സെക്രട്ടറിയും സമര സമിതി നേതാവുമായ സി.എ സുബൈർ ഇന്ന് സമരപന്തലിൽ എത്തി സമരത്തിൻ്റെ ഭാഗമായി. ടോൾ പ്ലാസയിൽ പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ടോള്‍ ബൂത്ത് ഉപരോധിച്ച് ദേശീയപാതയിലെ ഗതാഗതം തടഞ്ഞിരുന്നു. എം.എല്‍.എ അടക്കമുള്ളവരെ പോലീസ് ബലം പ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്താണ് നീക്കിയത്. ദേശീയപാതയില്‍ രണ്ടു ടോള്‍ പ്ലാസകള്‍ തമ്മിലുള്ള ദൂര 60 കിലോമീറ്റര്‍ ദൂരം ആയിരിക്കണമെന്ന ദേശീയപാത ചട്ടം ലംഗിച്ചുള്ള ടോൾ പിരിവിനെതിരെയാണ് ജനം തെരുവിലിറങ്ങി സമരം ചെയ്യുന്നത്. തലപ്പാടി- ആരിക്കാടി ടോൾ ബൂത്തുകൾ തമ്മിൽ വെറും 22 കിലോമീറ്റര്‍ വ്യത്യാസം മാത്രമാണുള്ളത്. ഈ കാര്യങ്ങൾ സമരക്കാർ ചൂണ്ടിക്കാട്ടിയിട്ടും ഉദ്യോഗസ്ഥർ ടോളുമായി മുന്നോട്ട് പോവുകയാണ് ഉണ്ടായത്. ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാനുള്ളത്. കേസ് കോടതിയിലിരിക്കെ ടോൾ പിരിവ് നടത്തുന്നതും കോടതിലക്ഷ്യ സംഭവമായി മാറിയിട്ടുണ്ട്. ടോൾ പിരിവിൽ ജനം വലിയ ബുദ്ദിമുട്ടാണ് അനുഭവിക്കുന്നത്.
