വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന മുഴുവന്‍ പേര്‍ക്കും വിദ്യാഭ്യാസം; ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് ഉദുമ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

You are currently viewing വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന മുഴുവന്‍ പേര്‍ക്കും വിദ്യാഭ്യാസം; ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് ഉദുമ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

കാസർകോട്: ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന മുഴുവന്‍ പേര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ദേശീയ സാക്ഷരത മിഷന്‍ നടപ്പാക്കുന്ന ‘ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് ഉദുമ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ആരംഭിക്കുന്ന സാക്ഷരതാ ക്ലാസിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി നിര്‍വഹിച്ചു.

ആറാം വാര്‍ഡായ വെടിക്കുന്നിലെ ഗാന്ധി സ്മാരക വായനശാല ആന്റ് ശ്രീനാരായണ ഗുരു ലൈബ്രറിയില്‍ തുടക്കം കുറിച്ച സാക്ഷരതാ ക്ലാസ്സിലെ പ്രധാന സാക്ഷരതാ അധ്യാപികയുടെ ചുമതലയും പ്രസിഡന്റ് വഹിച്ചു. 47 കാരിയും നിരക്ഷരയുമായ ശീലാവതിക്ക് സാക്ഷരത പാഠപുസ്തകം നല്‍കിക്കൊണ്ടും അവരെ അക്ഷരം എഴുതി പഠിപ്പിച്ചുകൊണ്ടുമാണ് പ്രസിഡന്റ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

സാക്ഷരത മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.എന്‍.ബാബു, ഗ്രാമപഞ്ചായത്ത് സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ പാറയില്‍ അബൂബക്കര്‍ മാസ്റ്റര്‍, സന്നദ്ധ അധ്യാപകരായ പി.ശാന്തിനി, കെ.കെ.കൃപ എന്നിര്‍ സംസാരിച്ചു. എല്ലാദിവസവും വൈകുന്നേരം 5 മുതല്‍ 6 വരെയാണ് സാക്ഷരതാ ക്ലാസ്. പഠിതാക്കള്‍ക്ക് വിനോദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ക്ലാസുകള്‍ ആരംഭിക്കും.

0Shares