വൃത്തിയാവാന്‍ കേരളത്തിലെ നഗരസഭകള്‍; ലോകബാങ്ക് ഇന്ത്യയില്‍ ഒരു സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുന്ന ആദ്യ ഖരമാലിന്യ പരിപാലന പദ്ധതി

You are currently viewing വൃത്തിയാവാന്‍ കേരളത്തിലെ നഗരസഭകള്‍; ലോകബാങ്ക് ഇന്ത്യയില്‍ ഒരു സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുന്ന ആദ്യ ഖരമാലിന്യ പരിപാലന പദ്ധതി

തിരുവനന്തപുരം: നാട് വികസിക്കുന്നതിനൊപ്പം വളരുന്ന ഒന്നാണ് ഈ മാലിന്യ പ്രശ്‍നങ്ങളും. സ്ഥല പരിമിതി കൊണ്ട് മാലിന്യ പ്രശ്നം ഏറ്റവും അധികം ബാധിക്കുന്നത് കേരളത്തിലെ നഗരങ്ങളെയാണ്. ഈ പ്രശ്‌നത്തിന് പരിഹാരമെന്നോണമാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഖരമാലിന്യങ്ങളുടെ പരിപാലനത്തിനും സംസ്‌കരണത്തിനുമായി കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും സമഗ്രമായ പരിഹാരം ഉണ്ടാക്കുന്നതിനായാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലക്ഷ്യമിടുന്നത്.

നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിനായി ഈ പദ്ധതി വഴി സഹായങ്ങള്‍ ലഭിക്കും. ഖരമാലിന്യ ശേഖരണം, പരിപാലനം, സംസ്‌കരണം, പുനഃചംക്രമണം എന്നിവയ്ക്കായി നഗര തദ്ദേശസ്ഥാപനങ്ങള്‍ക്ക് ശാസ്ത്രീയമായ പരിഹാരങ്ങളും പരിശീലനങ്ങളും ഈ പദ്ധതി വഴി ലഭ്യമാക്കും. ഖരമാലിന്യ പരിപാലന കേന്ദ്രങ്ങള്‍ വികസിപ്പിക്കാനും പരമ്പരാഗത മാലിന്യ കേന്ദ്രങ്ങളിലെ മാലിന്യം പൂര്‍ണമായും സംസ്‌കരിച്ച്‌ ഭൂമി വീണ്ടെടുക്കാനും, സംസ്‌കരിക്കാനാകാത്ത ഖരമാലിന്യങ്ങളുടെ പരിപാലനത്തിനായി സാനിറ്ററി ലാന്‍ഡ്ഫില്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള ഖരമാലിന്യ പരിപാലനത്തിന് ആവശ്യമായ ശാസ്ത്രീയ പരിഹാരങ്ങളാണ് നടപ്പിലാക്കുക.

ഓരോ മുനിസിപ്പാലിറ്റികള്‍ക്കും പ്രാദേശികമായ പ്രത്യേകതകള്‍ക്ക് അനുസരിച്ച്‌ സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഇതിനായി ആവശ്യമുള്ള സാങ്കേതിക പിന്തുണ, സാങ്കേതിക വിദഗദരുടെ സേവനം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നല്‍കും. ലോക ബാങ്കിൻ്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിൻ്റെയും (എഐഐബി) സാമ്പത്തിക സഹായത്തോടെയാണ് 300 മില്യണ്‍ ഡോളറാണ് (2200 കോടി രൂപ) ഈ പദ്ധതിക്കായി നടപ്പിലാക്കുന്നത്. ആറു വര്‍ഷമാണ് കാലാവധി. കേരളത്തിലെ 87 മുന്‍സിപ്പാലിറ്റികളും ആറ് കോര്‍പറേഷനുകളും അടക്കം 93 നഗര തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പരിധിയില്‍ വസിക്കുന്ന 75 ലക്ഷത്തോളം പേരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍.

ഖരമാലിന്യ പരിപാലനത്തിന് വികേന്ദ്രീകൃത, കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സന്തുലിതമായി ഉപയോഗപ്പെടുത്തുന്ന ഒരു സമഗ്ര പദ്ധതിയാണിത്. ഖരമാലിന്യം ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, പ്രാദേശിക, മേഖലാ തലങ്ങളില്‍ നടക്കുന്ന മാലിന്യശേഖരണവും സേവനങ്ങളും മെച്ചപ്പെടുത്തുക, ഖരമാലിന്യ പരിപാലന, പുനഃചംക്രമണ സംവിധാനങ്ങള്‍ വികസിപ്പിക്കുക, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കി ഭൂമി വീണ്ടെടുക്കുക, ശാസ്ത്രീയ ഖരമാലിന്യ പരിപാലന സംവിധാനമായ ലാന്‍ഡ്ഫില്ലുകള്‍ നിര്‍മ്മിക്കുക തുടങ്ങിയവയാണ് ഈ പദ്ധതി മുഖേന നടപ്പിലാക്കുന്നത്.

ഹരിത കേരളം മിഷന്‍ അടക്കമുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ എല്ലാ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്കും കെ.എസ്.ഡബ്ല്യു.എം.പി പിന്തുണ നല്‍കും. പ്രാദേശിക തലത്തില്‍ നഗര തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഖരമാലിന്യ പരിപാലന പദ്ധതി തയാറാക്കുകയും ഖരമാലിന്യ ശേഖരണത്തിനും പരിപാലനത്തിനും കുടുംബശ്രീ പോലുള്ള സേവന ദാതാക്കളെ കൂടി പദ്ധതിയില്‍ പങ്കാളികളാക്കുകയും ചെയ്യും. കെ.എസ്.ഡബ്ല്യു.എം.പി എന്നത് ഇന്ത്യയില്‍ ഒരു സംസ്ഥാന സര്‍ക്കാരുമായി ലോക ബാങ്ക് നേരിട്ട് സഹകരിക്കുന്ന ആദ്യ ഖരമാലിന്യ പരിപാലന പദ്ധതിയാണ്.

0Shares