
ആസ്ട്രേലിയക്ക് എതിരായ ട്വന്റി 20 പരമ്പരക്കുള്ള 16 അംഗ ഇന്ത്യൻ വനിത ടീമില്‍ മലയാളി താരം മിന്നു മണിയും. ഹര്‍മൻ പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്‌മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റൻ. ഓസീസിനെതിരായ ഏക ടെസ്റ്റില്‍ ചരിത്രത്തിൽ ആദ്യമായി വിജയം നേടിയ ആത്മവിശ്വാസത്തിൽ ആണ് ഇന്ത്യന്‍ വനിതകള്‍ പരിമിത ഓവര്‍ പോരിനൊരുങ്ങുന്നത്.
നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇടം നേടിയ വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിനിയായ മിന്നു മണി കേരളത്തില്‍ നിന്ന് ഇന്ത്യൻ സീനിയര്‍ ടീമിലെത്തുന്ന ആദ്യ വനിത താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ട് വനിത എ ടീമിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യൻ ടീമിനെ നയിച്ചതും മിന്നുവായിരുന്നു.
ഇടംകൈയന്‍ ബാറ്ററും സ്‌പിന്നറുമായ മിന്നു പ്രഥമ വനിത ഐ.പി.എല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ് താരമായിരുന്നു. പതിനാറാം വയസ്സില്‍ കേരള ക്രിക്കറ്റ് ടീമിലെത്തിയ താരം 10 വര്‍ഷമായി ടീമില്‍ സ്ഥിരാംഗമാണ്.
ടീം അംഗങ്ങൾ:
ഹര്‍മൻ പ്രീത് കൗര്‍ (ക്യാപ്റ്റൻ), സ്‌മൃതി മന്ഥാന, ജമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്‌തി ശര്‍മ, യാസ്‌തിക ബാട്ടിയ, റിച്ച ഘോഷ്, അമൻ ജോത് കൗര്‍, ശ്രേയങ്ക പാട്ടില്‍, മന്നത്ത് കശ്യപ്, സെയ്‌ക ഇസ്ഹാഖ്, രേണുക സിങ് താക്കൂര്‍, ടിറ്റസ് സധു, പൂജ വസ്ത്രകാര്‍, കനിക അഹൂജ, മിന്നു മണി.
