Trending News





രാജ്യാന്തര വ്യാപാര ഇടപാടുകള്‍ക്ക് ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശ കറൻസികളുടെ ഉപയോഗം കുറയ്ക്കാനും ഇന്ത്യൻ റുപ്പിയില്‍ ക്രയവിക്രയം വര്‍ധിപ്പിക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിൻ്റെയും റിസര്‍വ് ബാങ്കിൻ്റെയും നീക്കങ്ങള്‍ പാളുന്നു. ഇടക്കാലത്ത് റഷ്യയും യു.എ.ഇയും ഡോളറിന് പകരം രൂപ സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് ഡോളറില്‍ തന്നെ വ്യാപാരം മതിയെന്ന് വ്യക്തമാക്കുക ആയിരുന്നു.
Also Read
ഒട്ടുമിക്ക ക്രൂഡോയില്‍ കയറ്റുമതി രാജ്യങ്ങളുമായും ഇന്ത്യക്കുള്ളത് വ്യാപാരക്കമ്മിയാണ്. ഫലത്തില്‍, രൂപ വാങ്ങിക്കൂട്ടുന്നത് കൊണ്ട് പ്രയോജനമില്ലെന്നാണ് എണ്ണ കയറ്റുമതി രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, രൂപയില്‍ ഇടപാട് നടത്തുമ്പോള്‍ ഇടപാട് ചെലവും (Transactional Cost) കൂടുതലാണെന്ന് കയറ്റുമതി രാജ്യങ്ങളും ഇന്ത്യൻ ഓയില്‍ അടക്കമുള്ള എണ്ണ ഇറക്കുമതിക്കമ്പനികളും ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ക്രൂഡോയില്‍ വ്യാപാരത്തില്‍ രൂപയില്‍ ഇടപാട് നടത്താൻ കയറ്റുമതി രാജ്യങ്ങളാരും താത്പര്യപ്പെടുന്നില്ലെന്ന് പാര്‍ലമെൻ്റെറി സ്റ്റാൻഡിംഗ് കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

2022 ജൂലൈയിലാണ് ക്രൂഡോയില്‍ ഇടപാട് രൂപയില്‍ നടത്താനും കയറ്റുമതി രാജ്യത്ത് വോസ്ട്രോ അക്കൗണ്ട് തുറക്കാനും റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. ഡോളറടക്കമുള്ള വിദേശ കറൻസികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, രൂപയുടെ ഉപയോഗം വര്‍ദ്ധിപ്പിച്ച് മൂല്യവും പ്രാധാന്യവും കൂട്ടുക, ഇക്കാര്യങ്ങള്‍ വഴി കറണ്ട് അക്കൗണ്ട് കമ്മി നിയന്ത്രിക്കുക തുടങ്ങിയവയായിരുന്നു കേന്ദ്ര ലക്ഷ്യങ്ങള്‍. ഇന്ത്യയുടെ വിദേശനാണ്യ വരുമാനവും വിദേശനാണ്യച്ചെലവും തമ്മിലെ അന്തരമാണ് കറണ്ട് അക്കൗണ്ട് കമ്മി.
കുറയുന്ന ക്രൂഡോയില്‍ ചെലവ്
ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡോയില്‍ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിനുള്ള 85 ശതമാനം ക്രൂഡോയിലും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ഇന്ത്യ 232.7 ദശലക്ഷം ടണ്‍ ക്രൂഡോയില്‍ പുറത്തുനിന്ന് വാങ്ങി. ഇതിനായി ചെലവിട്ട തുകയാകട്ടെ 15,750 കോടി ഡോളറാണ് (ഏകദേശം 13.10 ലക്ഷം കോടി രൂപ).
നടപ്പുവര്‍ഷം (2023-24) ഏപ്രില്‍- നവംബറില്‍ പക്ഷേ, ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറഞ്ഞിട്ടുണ്ട്. 13,340 കോടി ഡോളറില്‍ നിന്ന് 8,710 കോടി ഡോളറായാണ് കുറഞ്ഞത്. അതായത് 11.11 ലക്ഷം കോടി രൂപയില്‍ നിന്ന് 7.25 ലക്ഷം കോടി രൂപയായി കുറഞ്ഞു. റഷ്യ, ഇറാക്ക്, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും ക്രൂഡോയില്‍ വാങ്ങുന്നത്.
റഷ്യ- യുക്രെയിൻ യുദ്ധത്തിന് തൊട്ടു പിന്നാലെയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതലായി എണ്ണ വാങ്ങിത്തുടങ്ങിയത്. തുടക്കത്തില്‍ ബാരലിന് വിപണി വിലയില്‍ 30 ഡോളര്‍ വരെ ഡിസ്‌കൗണ്ട് ഇന്ത്യക്ക് റഷ്യ നല്‍കിയിരുന്നു. ഇപ്പോഴത് ബാരലിന് 5-6 ഡോളറായി കുറഞ്ഞിട്ടുണ്ട്.
Courtesy:DhanamBusiness

Sorry, there was a YouTube error.