വിദ്യാർത്ഥി പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മാതൃകയായി ചട്ടഞ്ചാൽ എം.ഐ.സി ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പും സ്ഥാനാരോഹണവും

You are currently viewing വിദ്യാർത്ഥി പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മാതൃകയായി ചട്ടഞ്ചാൽ എം.ഐ.സി ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പും സ്ഥാനാരോഹണവും

ചട്ടഞ്ചാൽ (കാസറഗോഡ്): 2024-2025 അദ്ധ്യയന വർഷത്തെ ചട്ടഞ്ചാൽ എം.ഐ.സി ഹയർ സെക്കൻ്ററി സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു. കാസറഗോഡ് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് സ്ഥാനാരോഹണ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഇൻസാഫ് അശ്‌അരി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. എം.ഐ.സി വർക്കിംഗ് സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ, മാനേജ്മെൻ് പ്രതിനിധികളായ ബെർക്ക അബ്ദുള്ള ഹാജി, നെക്കര അബൂബക്കർ ഹാജി, ചെങ്കള അബ്ദുള്ള ഫൈസി, മല്ലം സുലൈമാൻ ഹാജി, ജലീൽ കടവത്ത്, ഹുസൈൻ തെക്കിൽ, ഡയരക്ടർമാരായ മുസ്തഫ ഹുദവി, സുഹൈൽ ഹുദവി, മശ്ഹൂദ് ഹുദവി എന്നിവർ പ്രസംഗിച്ചു.

പൊതു തെരഞ്ഞെടുപ്പുകളുടെ മാതൃകയിൽ നടന്ന ഇലക്ഷൻ നടപടിക്രമങ്ങളും സ്ഥാനാരോഹണ ചടങ്ങും ശ്രദ്ദേയമായിരുന്നു. സ്കൂൾ അസംബ്ലിയിൽ വെച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ വിദ്യാർത്ഥി തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തി. പൂർണ്ണമായും ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പാണ്‌ നടന്നത്‌. കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ട റിട്ടേണിംഗ് ഓഫീസർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം നാമനിർദ്ദേശപത്രിക അംഗീകരിച്ചു. സ്ഥാനാർത്ഥികൾ തങ്ങളുടെ ചിഹ്നങ്ങൾ പരിചയപ്പെടുത്തി പ്രചാരണം കൊഴുപ്പിച്ചു. മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയോടു കൂടിയാണ്‌ പരസ്യ പ്രചാരണം അവസാനിച്ചത്‌.

വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രസൈഡിംഗ്‌ ഓഫീസർ, പോളിംഗ് ബൂത്ത് ഉദ്യോഗസ്ഥന്മാർ, ഏജന്റുമാർ, പോലീസ് ഓഫീസർമാർ, വളണ്ടിയർമാർ എന്നിവരുടെ സാന്നിധ്യത്തിൽ പൂർണ്ണമായും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നു. ഇലക്ഷൻ ഓഫീസർമാരുടെയും സ്ഥാനാർത്ഥികളുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുകയും ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. ജേതാക്കളായവർ വിജയാഹ്ലാദ പ്രകടനവും നടത്തി. സത്യപ്രതിജ്ഞയോടെ തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. ജനാധിപത്യവും മതേതരത്വവും വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ വളരുന്ന തലമുറയിൽ ജനാധിപത്യ ബോധമുണ്ടാക്കുന്നതിനാണ്‌ വ്യത്യസ്‌തവും മാതൃകാപരവുമായ രീതിയിൽ തെരഞ്ഞെടുപ്പ്‌ സംഘടിപ്പിച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വ്യത്യസ്ഥ ദിവസങ്ങളിലായാണ് തെരഞ്ഞെടുപ്പ് പ്രവർത്തനവും സ്ഥാനാരോഹണവും നടന്നത്. സംഭവം വിദ്യാർത്ഥികളിൽ വലിയ ആവേശം ഉണ്ടാക്കി.

0Shares