
കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിക്ക് ദാരുണ അന്ത്യം. കാസര്‍കോട് സ്വദേശിയായ വിദ്യാർത്ഥി കോഴിക്കോട് നിന്നും കാസർകോട്ടേക്കുള്ള യാത്രാമദ്ധ്യേ കണ്ണൂരിലാണ് അപകടത്തിൽ പെട്ടത്. മലബാര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ ഡോറിനോട് ചേർന്ന് നിന്ന വിദ്യാർത്ഥി ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ നാരംപാടി സ്വദേശി ഇബ്രാഹിം അല്‍താഫ്(18)ണ് മരണപ്പെട്ടത്.

നാല് വിദ്യാർഥികൾ കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് ടൂർ പോയതായിരുന്നു. ഇവരിൽ ഒരാളാണ് അപകടത്തിൽ പെട്ടത്. അപകടം വിവരം ഉടൻ യാത്രക്കാർ പോലീസിനെ അറിയിച്ചു. തുടർന്ന് റെയിൽവേ പോലീസും നാട്ടുകാരും ചേർന്ന് വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കൾ കണ്ണൂരിൽ എത്തയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. നാരമ്പാടിയിലെ അബ്ദുറഹ്മാൻ മൂല- ആയിഷ ദമ്പതികളുടെ മകനാണ് മരിച്ച ഇബ്രാഹിം അൽത്താഫ്. പ്ലസ്‌ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി ഉപരിപഠനത്തിനായി ശ്രമം നടത്തിവരികയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മരണം വിവരം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.
