
കുമ്പള(കാസറഗോഡ്): അഗതികൾക്കും ആലംബഹീനർക്കും അത്താണിയായി സാഹോദര്യത്തിൻ്റെയും സമത്വത്തിൻ്റെയും സന്ദേശം നൽകി കുമ്പള കുടുംബശ്രീ സി.ഡി.എസ് ഒരുക്കിയ ഓണാഘോഷം വേറിട്ടതായി. കുമ്പള പഞ്ചായത്ത് പരിധിയിലെ ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി നൽകിയും ആശ്രയ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തുമാണ് കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ ഈ വർഷത്തെ ഓണം ഗംഭീരമാക്കിയത്. പഞ്ചായത്തിലെ വിവിധ ഉന്നതികളിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളിലെ കുഞ്ഞുങ്ങൾക്കാണ് ആദ്യം ഓണക്കോടി നൽകിയത്. ഉന്നതിയിലെ കുട്ടികൾക്ക് പുത്തൻ ഉടുപ്പുകൾ വിതരണം ചെയ്തു. ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഓണക്കിറ്റ് ആശ്രയ കുടുംബങ്ങൾക്ക് കൈമാറി.
കുമ്പള ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ രതീഷ് കുമാർ മുഖ്യാതിഥിയായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി.എ റഹ്മാൻ ആരിക്കാടി, സബൂറ സിദ്ദിഖ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ലൈജു എന്നിവർ സംസാരിച്ചു. കുമ്പള സി.ഡി.എസ് ചെയർപേഴ്സൺ ഖദീജ സ്വാഗതവും കുമ്പള പഞ്ചായത്ത് കുടുംബശ്രീ മെമ്പർ സെക്രട്ടറി ഷൈജു കടന്നപ്പള്ളി നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
