
ദില്ലി: ലഡാക്കിൽ യുവാക്കൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. സംസ്ഥാന പദവി പൂർണമായും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സി.ആർ.പി.എഫ് വാഹനത്തിന് തീയിട്ടു. യുവാക്കൾ അക്രമാസക്തരായതിനെ തുടർന്ന് പോലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിചാർജും നടത്തി. നാല് മരണം റിപ്പോർട്ട് ചെയ്തു. 50 ൽ അധികം ആളുകൾക്ക് പരിക്കേറ്റു. ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ ലേയിൽ സ്ഥിതിഗതികൾ രൂക്ഷമാണ്. ലേയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സി.ആർ.പി.എഫ് വാഹനത്തിന് തീയിട്ട് പ്രതിഷേധം അക്രമാസക്തമായതോടെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

ബി.ജെ.പി ഓഫീസുകൾ സമരക്കർ കത്തിച്ചതായും വിവരമുണ്ട്. സോനം വാങ്ചുക്കിൻ്റെ നേതൃത്വത്തിൽ 15 ദിവസമായി അനിശ്ചിതമായ സമരം തുടരുകയായിരുന്നു. തികച്ചും സമാധാനപരമായിരുന്നു സമരം. ഈ സമരത്തിന് പിന്തുണയുമായി ഇന്ന് യുവാക്കൾ രംഗത്തിറങ്ങിയതാണ് പ്രതിഷേധം അക്രമാസക്തമായത്. കേന്ദ്ര സർക്കാരും ഭരണകൂടവും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പ്രതിഷേധക്കാർ അറിയിച്ചു. ലഡാക്കിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുക്കിൻ്റെ ആവശ്യം നിറവേറ്റണമെന്നും സമരക്കാർ പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീർ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീർ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി, അതേസമയം ലേയും കാർഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിൻ്റെ ഈ പ്രദേശത്തിനാണ് ഇപ്പോൾ പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി പ്രതിഷേധങ്ങൾ നടക്കുന്നത്. പ്രതിഷേധം കലാപമാകാതിരിക്കാനുള്ള ജാഗ്രതയിലാണ് പോലീസും സൈന്യവും.

