
മധുർ / കാസർകോട് / തിരുവനന്തപുരം: മായമില്ലാത്ത വിഭവങ്ങളും ഉത്പന്നങ്ങളുമായി സംസ്ഥാനത്ത് കുടുംബശ്രീ ഓണച്ചന്തകൾ സെപ്തംബർ ഒന്നിന് ആരംഭിച്ചു. ജില്ലാമിഷൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സി.ഡി.എസ് വിപണന മേളകൾക്കാണ് മുൻതൂക്കം നൽകുന്നത്. മൂന്നുമുതൽ അഞ്ചുദിവസം വരെ ഓണച്ചന്തകൾ നടത്താനാണ് നിർദേശം. 1070 സി.ഡി.എസ് തലത്തിൽ ഓണം വിപണന മേളയും പതിനാല് ജില്ലാമേളയും ഉൾപ്പെടെ സംസ്ഥാനത്ത് 1084 മേള സംഘടിപ്പിക്കുന്നുണ്ട്.
പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താനും ഓണ വിപണി കീഴടക്കാനും കുടുംബശ്രീ സംരംഭങ്ങളുടെ ഉത്പന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകളുടെ പച്ചക്കറിയും മറ്റു മൂല്യവർദ്ധിത ഉത്പന്നങ്ങളും അണിനിരക്കുന്നുണ്ട്.

മായമില്ലാത്ത കുടുംബശ്രീ ഉത്പന്നങ്ങൾ, നാടൻ പച്ചക്കറികൾ, വിവിധതരം അച്ചാറുകൾ, പുട്ടുപൊടി, പത്തിരിപ്പൊടി, മറ്റു ഭക്ഷ്യ ഉൽപന്നങ്ങൾ, പോഷകാഹാരം, കൊണ്ടാട്ടം, കരകൗശല വസ്തുക്കൾ, കൈത്തറി വസ്ത്രങ്ങൾ, വ്യത്യസ്തമായ തുണിത്തരങ്ങൾ, സൗന്ദര്യ വർധക വസ്തുക്കളും തുടങ്ങിയവ ലഭിക്കും.
ഓണ വിപണിക്കായി മധുർ ഗ്രാമ പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിലായി കുടുംബശ്രീ ഓണച്ചന്തകൾ ആരംഭിച്ചു. വിലക്കുറവും ഗുണമേന്മയുള്ള നാടൻ ഉൽപന്നങ്ങളാണ് ഓണച്ചന്തകളുടെ പ്രത്യേകത. മധുർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് നേതൃത്വത്തിൽ ഓണചന്ത വിതരണോദ്ഘാടനം വാർഡ് മെമ്പർ രതീഷ് നിർവഹിച്ചു.
ചെയർപേഴ്‌സൺ സുമ അധ്യക്ഷയായി. ബ്ലോക്ക് മെമ്പർ സുകുമാർ കുതിരപ്പടി, ജമീല അഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷാ സുരേഷ്, ഉദയകുമാർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

സി.ഡി.എസ് അംഗം രൂപരേഖ സ്വാഗതവും വൈസ്. ചെയർപേഴ്‌സൺ ശ്രീലത നന്ദിയും പറഞ്ഞു. സെപ്‌തംബർ നാലുമുതൽ ഏഴുവരെയാണ് ഓണ ചന്ത പ്രവർത്തിക്കുകയെന്നും അറിയിച്ചു.
ന്യായവിലയ്ക്ക് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ഓരോ അയൽക്കൂട്ടത്തിൽ നിന്നും ഒരുൽപ്പന്നമെങ്കിലും മേളയിൽ എത്തിച്ച് സംരംഭകർക്ക് പരമാവധി വരുമാനം ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓണം വിപണന മേളകൾ സംഘടിപ്പിക്കുന്നതിന് ജില്ലാതലത്തിൽ ഒരുലക്ഷം രൂപയും നഗര സി.ഡി.എസ് തലത്തിൽ 15,000 രൂപയും പഞ്ചായത്ത് തലത്തിൽ 12,000 രൂപ വീതവും കുടുംബശ്രീ നൽകും.
സപ്ലൈകോ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിപണന മേളകളിലും ചില സ്ഥലങ്ങളിൽ കുടുംബശ്രീ സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്.
