Categories
articles Kerala news

“ബാക്ക് ടു ഫാമിലി 2025- അയൽക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക്” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു; കുട്ടികളുടെ സൗഹൃദങ്ങളെ ജാഗ്രതയോടെ വീക്ഷിക്കണമെന്ന് പുഷ്പവതി; കൂടുതൽ അറിയാം..

മടിക്കൈ: കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് നടപ്പിലാക്കുന്ന “ബാക്ക് ടു ഫാമിലി 2025 – അയൽക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക്” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മടിക്കൈ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. സംഗീതനാടക അക്കാദമി വൈസ് ചെയർപേഴ്സൺ പുഷ്പവതി ഉദ്ഘാടനം നിർവഹിച്ചു. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ കുട്ടികളുടെ ലക്ഷ്യബോധത്തെ ബാധിക്കാതിരിക്കാനുള്ള ജാഗ്രത രക്ഷിതാക്കൾക്ക് ഉണ്ടാകണം. അനുഭവങ്ങൾ ഇല്ലാത്ത ആളുകളുമായി സൗഹൃദം ഉണ്ടാക്കരുതെന്നും കുട്ടികളുടെ സൗഹൃദങ്ങളെ ജാഗ്രതയോടെ വീക്ഷിക്കണമെന്നും പുഷ്പവതി പറഞ്ഞു. എഴുത്തുകാരൻ സുറാബ് മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സ്ത്രീ ശാക്തീകരണം, സുരക്ഷിത ബാല്യം, മികവാർന്ന രക്ഷാകർതൃത്വം കുടുംബം ആരോഗ്യം, കുട്ടിയും അവകാശവും എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പൗരബോധമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിനും കുട്ടികളുടെയും കുടുംബങ്ങളുടെയും ആരോഗ്യത്തെ മികച്ച രക്ഷാകർതൃത്വത്തിലൂടെ പരിപോഷിപ്പിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിലൂന്നിയ ശേഷിയിലേക്ക് കുടുംബങ്ങളെ നയിക്കുന്നതിനും ആരോഗ്യ സാക്ഷരതയുള്ള കുടുംബം എന്ന നേട്ടവും കൈവരിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അയൽക്കൂട്ടങ്ങളിലൂടെ പരിശീലനം സിദ്ധിച്ച 1,88,900 അയൽകൂട്ട കുടുംബങ്ങളിലേക്ക് ബാക്ക് ടു ഫാമിലി ലക്ഷ്യങ്ങൾ എത്തിക്കാനാണ് തീരുമാനം. ഓരോ കുടുംബത്തിൻ്റെയും ആർജ്ജിച്ചെടുക്കേണ്ട ആരോഗ്യ അറിവും, പരിരക്ഷയും സംബന്ധിച്ച അയൽകൂട്ട പ്ലാനുകൾ തയ്യാറാക്കി കൂട്ടായി നേടിയെടുക്കുന്നതിനു പരിശ്രമിക്കും. ഇത് ആരോഗ്യ സാക്ഷരതയുളള കുടുംബങ്ങളായി മാറുന്നതിനും ആരോഗ്യ സാക്ഷരതയുളള ജില്ലയായി മാറുന്നതിനും സഹായിക്കും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ വികസനം എന്നിവയിലധിഷ്ഠിതമായി മദർ പി.ടി.എയുടെ പങ്കാളിത്തത്തോടെ സ്കൂൾ പേരന്റിംഗ് എന്ന ലക്ഷ്യത്തിലേക്ക് പൊതു വിദ്യാലയങ്ങൾ പ്രയോജനപ്പെടുത്താൻ കുടുംബശ്രീ സി ഡി എസ്സുകൾക്ക് സാധിക്കും. കോവിഡാനന്തര കാലത്തിൻ്റെയും സാങ്കേതിക വികാസത്തിൻ്റെയും മാറ്റങ്ങൾക്കനുസരിച്ച് അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിനും വെല്ലുവിളികളെ തരണം ചെയ്യുന്നതിനും കുട്ടികളെയും കുടുംബങ്ങളെയും പ്രാപ്തമാക്കി മികവാർന്ന രക്ഷാ കർതൃത്വത്തിലൂടെ സുരക്ഷിതബാല്യം ഒരുക്കുന്നതിനും കുടുംബങ്ങളെ സഹായിക്കും.

ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത 2 വീതം ജനപ്രതിനിധികളെ റിസോഴ്സ് പേഴ്സ്‌സൺമാരായി പങ്കെടുപ്പിച്ചുകൊണ്ട് പരിശീലനം നൽകിവരികയാണ്. ഇനി വരുന്ന സാധ്യമായ അവധി ദിവസങ്ങളിൽ ഓരോ സി.ഡി.എസ് കേന്ദ്രങ്ങളിലെയും അതിൽ കൂടുതലോ സ്ഥാപനങ്ങളെ ഉപയോഗിച്ച് ജില്ലയിലെ മുഴുവൻ അയൽക്കൂട്ട അംഗങ്ങൾക്കുള്ള ബാക്ക് ടു ഫാമിലി 2025 ക്യാമ്പയിൻ നടക്കും.

കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട് പദ്ധതി വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് എൻ സരിത, ജില്ലാ പഞ്ചായത്ത് മെമ്പർ സി ജെ സജിത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത, മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ, മടിക്കെ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ പി രാജൻ, GVHSS മടിക്കൈ സ്കൂൾ പിടിഎ പ്രസിഡന്റ് ശശീന്ദ്രൻ മടിക്കൈ, എഴുത്തുകാരി ബിന്ദു മരങ്ങാട്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ കിഷോർ കുമാർ, കോർ കമ്മിറ്റി ശാന്തകുമാർ, കെ രതീഷ്, ബ്ലോക്ക് കോഡിനേറ്റർ പി.പി അഖിൽരാജ്, അമ്പിളി.കെ, രാജു തുടങ്ങിയവർ സംസാരിച്ചു. ബാക്ക് ടു ഫാമിലിയുടെ സമാപന സമ്മേളനം ഒക്ടോബർ 30 നു നീലേശ്വരം ബ്ലോക്ക് പരിധിയിൽ നടക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest