
കാസര്‍കോട്: കോവിഡ് -19 പരിശോധനക്ക് വിധേയമായവർ പരിശോധന ഫലം ലഭിക്കുന്നതിന് മുമ്പ് ക്വാറന്റൈൻ പാലിക്കാതെ ഇറങ്ങി നടക്കുന്നത് കോവിഡ് -19 വ്യാപനത്തിന് കാരണമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ. വി രാംദാസ് അറിയിച്ചു. ഇത്തരത്തിൽ കോവിഡ് -19 മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് 2019 നിയമപ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

സമ്പർക്കം മൂലമോ ഡോക്ടറുടെ നിർദേശാനുസരണമോ ടെസ്റ്റ് ചെയ്തവർ ഫലം ലഭിക്കുന്നത് വരെ ക്വാറന്റൈൻ പാലിക്കേണ്ടതാണ് . കോവിഡ് -19 സ്ഥിരീകരിച്ചാൽ പത്തു ദിവസം ക്വാറന്റൈനിൽ കഴിയുകയും/ചികിത്സ തേടുകയും ചെയ്ത് പത്തു ദിവസത്തിന് ശേഷം ആന്റിജൻ ടെസ്റ്റ് നടത്തണം. ടെസ്റ്റ് ചെയ്തു ഫലം നെഗറ്റീവ് ആയാലും വീണ്ടും 7 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞതിനു ശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാൻ പാടുള്ളൂ.
