
ദില്ലി: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നാളെ ചൊവ്വാഴ്ച്ച രാവിലെ ചുമതലയേൽക്കും. കേന്ദ്രസർവീസിൽ നിന്ന് അദ്ദേഹത്തിന് വിടുതൽ നൽകി. കേന്ദ്ര ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ യു.പി.എസ്.സി നൽകിയ ചുരുക്കപ്പട്ടികയിലെ ഒന്നാമനായിരുന്ന നിതിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറെ പോലീസ് മേധാവിയായി സർക്കാർ തെരഞ്ഞെടുത്തത്. കേരള കേഡറിൽ 1991 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖർ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. സംസ്ഥാനത്തിൻ്റെ 41ാം പോലീസ് മേധാവിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. 2026 ജൂലായ് വരെയാണ് അദ്ദേഹത്തിന് സർവീസുള്ളത്.
കൂത്തുപറമ്പ് വെടിവയ്പ്പ് കേസിൽ രണ്ട് പതിറ്റാണ്ടോളം പ്രതി സ്ഥാനത്തായിരുന്ന റവാഡ ചന്ദ്രശേഖറെ പോലീസ് മേധാവിയാക്കിയതിൽ സി.പി.എമ്മിൽ അമർഷം പുകയുന്നുണ്ട്. റവാഡയ്ക്ക് എതിരെ പാർട്ടി നടത്തിയ സമരം ഓർമിപ്പിച്ച് പി ജയരാജൻ രംഗത്ത് വന്നു. നിയമനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. റവാഡയെ പ്രതിസ്ഥാനത്തുനിന്ന് കോടതി ഒഴിവാക്കിയതാണെന്നും സർക്കാർ നടത്തിയ നിയമനത്തിൽ പാർട്ടി ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു.
